തങ്കച്ചന്റെ നക്ഷത്രങ്ങൾ തേടി ഈ ക്രിസ്മസിനും ആവശ്യക്കാരെത്തി; 42 വർഷമായി സ്വയം നിർമിച്ച് വിൽപന
Mail This Article
ആലപ്പുഴ ∙ തങ്കച്ചന്റെ നക്ഷത്രങ്ങൾ തേടി ഈ ക്രിസ്മസിനും ആവശ്യക്കാരെത്തി. കളപ്പുര ചെമ്മോത്തുപറമ്പിൽ കുരിശിങ്കൽ വീട്ടിൽ കെ.ജെ.തങ്കച്ചൻ (63) കഴിഞ്ഞ 42 വർഷമായി നക്ഷത്രങ്ങൾ സ്വയം നിർമിച്ചാണു വിൽപന നടത്തുന്നത്. സെന്റ് ആന്റണീസ് ബോയ്സ് ഹോമിൽ വാഴ്ത്തപ്പെട്ട മോൺ. റെയ്നോൾസ് പുരയ്ക്കലിന്റെ സംരക്ഷണയിലായിരുന്നു തങ്കച്ചന്റെ ചെറുപ്പകാലം. അവിടെ സാന്താക്രൂസ് പ്രസിൽ മുതിർന്നവർ ബുക്ക് ബൈൻഡ് ചെയ്യുന്നതു കണ്ടപ്പോൾ കടലാസ് മുറിക്കാനും, പശ വച്ച് ഒട്ടിക്കാനും താൽപര്യമായി. ക്രിസ്മസ് അടുത്തപ്പോൾ ബോയ്സ് ഹോമിന് ആവശ്യമായ നക്ഷത്രങ്ങളുണ്ടാക്കി.
പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ 1982ൽ കോൺവന്റ് സ്ക്വയറിൽ സെന്റ് ആന്റണീസ് ബുക്ക് സ്റ്റാൾ ആയി തങ്കച്ചന്റെ ലോകം. ആ വർഷം മുതൽ ക്രിസ്മസ് നക്ഷത്രങ്ങൾ നിർമിക്കുന്നു. പല നിറങ്ങളിലെ കടലാസുകൾ നക്ഷത്രത്തിന്റെ ഇതളുകൾക്ക് പറ്റുന്ന വിധം വെട്ടിയെടുക്കും. അതിൽ പല രീതിയിലുള്ള ചിഹ്നങ്ങളും ചിത്രങ്ങളും ചേർക്കും. തുടർന്നു ഒട്ടിച്ച് തൂക്കിയിടാൻ ടാഗ് ഇടുന്നതോടെ വർണം വിതറുന്ന നക്ഷത്രങ്ങളാകും.
നക്ഷത്രങ്ങൾ 5 രൂപ മുതൽ വിറ്റിട്ടുണ്ട്. ആവശ്യക്കാർ ഏറിയതോടെ ഒരു സീസണിൽ ആയിരത്തോളം എണ്ണം വരെ വിറ്റു. പക്ഷേ, എൽഇഡിയുടെയും, കമ്പനികളുടെയും നക്ഷത്രങ്ങൾ വിപണി കയ്യടക്കിയതോടെ കൈവിരുതിൽ തീർക്കുന്ന നക്ഷത്രങ്ങൾ കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നു തങ്കച്ചൻ പറയുന്നു. എങ്കിലും ചിലർ ഇപ്പോഴും നക്ഷത്രം ആവശ്യപ്പെട്ട് എത്തുന്നുണ്ട്. 130 രൂപയാണ് നക്ഷത്രങ്ങളുടെ വില.