കുറുവ സംഘത്തിലെ രണ്ടാമൻ തമിഴ്നാട്ടിൽ റിമാൻഡിൽ
Mail This Article
ആലപ്പുഴ ∙ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ രണ്ടാമനെന്നു സംശയിച്ച് പൊലീസ് തിരഞ്ഞ മാരിമുത്തു എന്നയാളെ തമിഴ്നാട് പൊലീസ് നേരത്തെ അവിടത്തെ മോഷണക്കേസിൽ പിടികൂടി കൊണ്ടുപോയതായി വിവരം. എറണാകുളം കുണ്ടന്നൂർ പാലത്തിനടിയിൽനിന്നു പിടികൂടിയ സന്തോഷ് ശെൽവത്തിനൊപ്പം മണ്ണഞ്ചേരിയിൽ മോഷണത്തിനെത്തിയതു മാരിമുത്തുവാണെന്നാണു പൊലീസിന്റെ സംശയം. മണ്ണഞ്ചേരിയിൽ മോഷണങ്ങൾ നടന്ന ദിവസം മാരിമുത്തു വൈക്കത്തുണ്ടായിരുന്നു എന്നതു പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നു.
ഇയാൾ മുൻപ് മണ്ണഞ്ചേരിയിൽ ആക്രിക്കടയിൽ ജോലി ചെയ്തിട്ടുമുണ്ട്. സന്തോഷ് ശെൽവവുമായി ബന്ധമുള്ളവരെപ്പറ്റി അന്വേഷിച്ചപ്പോഴാണു മാരിമുത്തുവിനെപ്പറ്റി പൊലീസിനു സൂചന ലഭിച്ചത്. ഇയാൾ കമ്പം, തേനി മേഖലയിലുണ്ടെന്നു കണ്ടെത്തി പൊലീസ് അവിടെ എത്തിയെങ്കിലും തലേന്നു തമിഴ്നാട് ധർമപുരി പൊലീസ് ഇയാളെ കൊണ്ടുപോയതായി അറിഞ്ഞു. മാരിമുത്തു തമിഴ്നാട്ടിൽ റിമാൻഡിലാണെന്നാണു വിവരം.
മണ്ണഞ്ചേരിയിൽ മോഷണം നടന്ന ദിവസങ്ങളിൽത്തന്നെ പുന്നപ്രയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ മോഷ്ടാക്കളെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഉടുമുണ്ട് കൊണ്ടു മുഖം മറച്ചു രണ്ടുപേർ നടന്നു പോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിൽ ഇയാളുടെ സഹോദരനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. മുൻപ് കുറുവ സംഘത്തിലുണ്ടായിരുന്ന ഇയാൾക്കു 2 വർഷമായി സംഘവുമായി ബന്ധമില്ലെന്നാണ് മനസ്സിലായത്.