പോപ്പി, ആറാട്ടുവഴി പാലങ്ങൾ നിർമിക്കാത്തതിൽ പ്രതിഷേധം; പാലങ്ങൾ പൊളിച്ചിട്ട് 2 വർഷം
Mail This Article
ആലപ്പുഴ ∙ എഎസ് കനാലിനു കുറുകെയുള്ള പോപ്പി, ആറാട്ടുവഴി പാലങ്ങൾ പൊളിച്ച് 2 വർഷം കഴിഞ്ഞിട്ടും പുനർനിർമിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. 1997 ൽ പോപ്പി പാലം നിർമിച്ച ജനകീയ നടപ്പാലം സമ്പാദക സമിതിയുടെ നേതൃത്വത്തിൽ ഇന്നു വൈകിട്ട് 6ന് പോപ്പി പാലത്തിന്റെ പടിഞ്ഞാറേ കരയിൽ പ്രതിഷേധയോഗം സംഘടിപ്പിക്കും. രണ്ടു പാലങ്ങളും വീണ്ടുവിചാരമില്ലാതെ പൊളിച്ചതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയതെന്നു നാട്ടുകാർ പറയുന്നു.
പാലങ്ങളുടെ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കിയപ്പോൾ ഉയരം സംബന്ധിച്ചും നിർമാണം തുടങ്ങുമ്പോൾ താൽക്കാലിക ബണ്ടുകൾ നിർമിച്ചാൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ സംബന്ധിച്ചും അധികൃതർ ആലോചിച്ചില്ല. പാലത്തിന്റെ ഉയരം 5 മീറ്റർ വേണമെന്ന ജലസേചന വകുപ്പിന്റെ എതിർപ്പായിരുന്നു ആദ്യ തടസ്സം. സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഉയരം 2.5– 3 മീറ്റർ ആയി തീരുമാനം മാറ്റിയെടുക്കാൻ ഒരു വർഷമെടുത്തു.
നിർമാണം തുടങ്ങാൻ താൽക്കാലിക ബണ്ട് നിർമിച്ചപ്പോൾ പ്രദേശത്തെ അഞ്ഞൂറോളം വീടുകൾ വെള്ളത്തിലായതും വിവാദത്തിന് ഇടയാക്കി. ഒടുവിൽ താൽക്കാലിക ബണ്ടുകൾ നീക്കി വീടുകളെ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷിച്ചു. വെള്ളപ്പൊക്ക ഭീഷണി നിലനിന്നതിനാൽ നിർമാണം തുടങ്ങിയില്ല. അങ്ങനെ വീണ്ടും ഒരു വർഷം കൂടി നഷ്ടമായി.
എഎസ് കനാൽ ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ വച്ച് തടസ്സപ്പെടുത്തിയയോടെ വളരെ നേരത്തേ തന്നെ ജലഗതാഗതം പൂർണമായി നിലച്ചു. എഎസ് കനാലിൽ പൂന്തോപ്പ് ഭാഗത്തു നിന്നു മടയൻതോട് വഴി വേമ്പനാട്ടു കായലിലേക്ക് പോകാമായിരുന്നു. ആ നീരൊഴുക്കും തടസ്സപ്പെടുത്തിയതോടെ എഎസ് കനാലിന് ആകെയുള്ള നീരൊഴുക്ക് കൊമ്മാടിയിൽ നിന്നു തുടങ്ങി മട്ടാഞ്ചേരി പാലത്തിലൂടെ വാടത്തോട് വഴി പുന്നമടക്കായലിൽ എത്തിച്ചേരുന്നതായി. ഇതാണ് താൽക്കാലിക ബണ്ട് നിർമിച്ചപ്പോൾ വീടുകൾ വെള്ളത്തിലാകാൻ കാരണമായത്.