മങ്കൊമ്പ് ക്ഷേത്രം റോഡ്: പൂർണ പരിഹാരം ഇനിയും അകലെ
Mail This Article
കുട്ടനാട് ∙ മങ്കൊമ്പ് ക്ഷേത്രം റോഡിന്റെ ശോചനീയാവസ്ഥയ്ക്കു പൂർണ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. ഹാർബർ എൻജിനീയറിങ് വകുപ്പിൽ നിന്ന് അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളുടെ ടെൻഡർ ജോലികൾ പൂർത്തിയായി. ക്ഷേത്രം റോഡിൽ വികാസ് മാർഗ് റോഡ് മുതൽ കൊച്ചാലുംമൂട് പാലം വരെയുള്ള ഭാഗത്തു മാത്രമാണു നിലവിൽ അനുവദിച്ച തുക ഉപയോഗിച്ചു റോഡ് നിർമിക്കുന്നത്. വികാസ് മാർഗ് റോഡ് മുതൽ സ്കൂൾ പാലം വരെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും എസ്റ്റിമേറ്റ് തുക മുഴുവൻ ലഭിക്കാത്തതാണു പ്രതിസന്ധി സൃഷ്ടിച്ചത്.
1.62 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നെങ്കിലും 1 കോടി രൂപയാണ് അനുവദിച്ചത്. ലഭ്യമായ തുകയ്ക്കു പൂർണമായി റോഡ് നവീകരിക്കാൻ സാധിക്കുകയില്ലെന്നു മനസ്സിലാക്കിയതോടെ തോമസ് കെ.തോമസ് എംഎൽഎയുടെയും പുളിങ്കുന്ന് പഞ്ചായത്തിന്റെയും അനുമതിയോടെ നിർമാണം കൊച്ചാലുംമൂട് പാലം വരെ ചുരുക്കുകയായിരുന്നു. നിർമാണം പാതി വഴി വരെ ചുരുക്കിയതായുള്ള പഞ്ചായത്തിന്റെയും എംഎൽഎയുടെയും കത്ത് പഞ്ചായത്തംഗം വിധു പ്രസാദ് വാങ്ങി ഹാർബർ എൻജിനീയറിങ് വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. ലഭ്യമായ തുകയ്ക്കു നിലവിലെ ജലനിരപ്പിൽ നിന്ന് റോഡ് ഉയർത്തി സംരക്ഷണ ഭിത്തി നിർമിച്ചാണു റോഡ് നവീകരിക്കുന്നത്.
കൊച്ചാലുംമൂട് മുതൽ സ്കൂൾ പാലം വരെയുള്ള റോഡു കൂടി നവീകരിച്ചാലേ വർഷങ്ങളായി പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിനു ശമനം ഉണ്ടാവുകയുള്ളു. മങ്കൊമ്പ് ഭഗവതി ക്ഷേത്രം, അവിട്ടം തിരുനാൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽപി സ്കൂൾ അടക്കമുള്ള പ്രദേശങ്ങളിലേക്കു വരുന്ന കുട്ടികൾ അടക്കം ഉപയോഗിക്കുന്ന റോഡ് ആണിത്. ഇതോടൊപ്പം എസ്റ്റിമേറ്റ് തയാറാക്കിയ മങ്കൊമ്പ് സ്റ്റാച്യു റോഡിന്റെ നവീകരണം കൂടി സാധ്യമായാൽ പുളിങ്കുന്ന് പഞ്ചായത്തിനു കീഴിലുള്ള ഗവ. ആയുർവേദ, ഹോമിയോ ആശുപത്രികളിലേക്കു പോകുന്നവർക്കു സഹായകരമാകും. നിലവിൽ വാഹന സൗകര്യം ഇല്ലാത്തതിനാൽ പുളിങ്കുന്നിന്റെ പല ഭാഗങ്ങളിൽ നിന്നു മുൻപ് ഈ ആശുപത്രിയിൽ എത്തിയിരുന്നവർക്ക് ഇപ്പോൾ എത്തിച്ചേരാൻ സാധിക്കാത്ത അവസ്ഥയാണ്.