റോഡ് നിറയെ കുഴികൾ, കുഴികൾ നിറഞ്ഞു വെള്ളം; തുറവൂർ കുമ്പളങ്ങി ഫെറി റോഡിൽ യാത്രാദുരിതം
Mail This Article
തുറവൂർ∙ കുമ്പളങ്ങി ഫെറി തുറവൂർ റോഡിലൂടെയുള്ള യാത്ര അപകടകരം. തുറവൂരിൽ നിന്നു തുടങ്ങി കുമ്പളങ്ങി ഫെറി വരെയുള്ള ഇടങ്ങളിൽ ഒട്ടേറെ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ കുഴികളിൽ വാഹനങ്ങൾ വീണ് ആക്സിൽ ഒടിഞ്ഞ് ഗതാഗതക്കുരുക്കും വാഹനങ്ങൾക്ക് സാമ്പത്തിക നഷ്ടവും നേരിടുന്നു. അരൂർ തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് കാരണം ചെറുവാഹനങ്ങൾ പോകുന്നത് തുറവൂർ ജംക്‌ഷനിൽ നിന്നു ടിഡി റോഡ് വഴിയാണ്.
തുറവൂർ ജംക്‌ഷന് പടിഞ്ഞാറു ഭാഗത്തുള്ള വളവിൽ രൂപപ്പെട്ട കുഴിയിൽക്കൂടിയുള്ള യാത്രയാണ് ആരംഭം. റെയിൽവേ ഗേറ്റ്, നാലുകുളങ്ങര, പറയകാട്, വല്ലേത്തോട്, കരുമാഞ്ചേരി, പിഎസ് കവല, വാടക്കകം, എഴുപുന്ന കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് എന്നിവിടങ്ങളിലായി എണ്ണിയാൽ തീരാത്ത കുഴികളാണു രൂപപ്പെട്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും പെയ്ത്തുവെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കുഴികളുടെ ആഴം അറിയാതെ വാഹനങ്ങൾ ഇതിൽ കുടുങ്ങുന്നുണ്ട്. മുൻപ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തുകയുമായിരുന്നു ചെയ്തിരുന്നത്.
എന്നാൽ 2 വർഷമായി ഉയരപ്പാത നിർമാണം തുടങ്ങിയതിനു ശേഷം ഉയരപ്പാത കരാറുകാരെക്കൊണ്ട് കുഴികൾ അടപ്പിക്കുകയാണു ചെയ്യുന്നത്. ഇവർ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് കുഴികളടച്ചു പോകുന്നതിന് പിന്നാലെ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ കോൺക്രീറ്റ് ചെയ്ത ഭാഗത്ത് മുഴകൾ രൂപപ്പെടുകയും വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്യുന്നു. അടിയന്തരമായി റോഡ് പുനർ നിർമിക്കണമെന്നാണു ആവശ്യം.