ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ഇന്നു നാരീപൂജ
Mail This Article
എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്നു നാരീപൂജ നടക്കും. വനിതകളെ ആദരിച്ചു പാദപൂജ നടത്തുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ പ്രധാനമാണു ചക്കുളത്തുകാവ്. പന്ത്രണ്ടുനോമ്പ് ഉത്സവത്തിന്റെ ഭാഗമായുള്ള ഈ ചടങ്ങിനു സാക്ഷ്യം വഹിക്കാനും ദേവീദർശനത്തിനുമായി ഒട്ടേറെ ഭക്തരാണ് എത്തുക.വ്യവസായിയും സാമൂഹിക പ്രവർത്തകയുമായ റാണി മോഹൻദാസിനെയാണ് നാരീപൂജയിൽ ആദരിക്കുന്നത്. രാവിലെ 9 ന് ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്ര മാനേജിങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും.
മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പാദപൂജ നടത്തും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.നാരീപൂജയ്ക്കു മുന്നോടിയായി സാംസ്കാരിക സമ്മേളനം നടക്കും. ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്നു മീഡിയ കോഓർഡിനേറ്റർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് എം.പി രാജീവ് എന്നിവർ അറിയിച്ചു.രമേശ് ഇളമൺ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന മൂന്നു ദിവസത്തെ സർവൈശ്വര്യ സ്വസ്തി യജ്ഞം ഇന്നലെ സമാപിച്ചു. നിരവധി ഭക്തർ പങ്കെടുത്തു. ഇതോടൊപ്പം ഗോപൂജയും ഉണ്ടായിരുന്നു.