റോഡ് തോടായി; അവഗണനയിൽ നശിച്ച് പ്രയാറ്റേരി റോഡ്
Mail This Article
ഹരിപ്പാട് ∙ ഒട്ടേറെ ജനങ്ങൾ ആശ്രയിക്കുന്ന വീയപുരം പഞ്ചായത്തിലെ പ്രയാറ്റേരി റോഡ് കുണ്ടും കുഴിയുമായി കാൽനട യാത്ര പോലും അസാധ്യമായ അവസ്ഥയിൽ. വെള്ളം ഒഴുകി പോകുന്നതിന് സംവിധാനമില്ലാത്തതിനാൽ മഴക്കാലത്ത് റോഡ് തോടായി മാറും.റോഡ് തകർന്നു കിടക്കുന്നതു കാരണം രോഗികളെ തോളിലേറ്റി കിലോമീറ്ററുകൾ താണ്ടി മെയിൻ റോഡിൽ എത്തിക്കണം. പ്രായമായവരും സ്കൂൾ കുട്ടികളും റോഡിലെ കുഴികളിൽ വീഴുന്നത് പതിവാണ്. വാഴനാട്ടിയും, വെള്ളം നിറഞ്ഞ റോഡിൽ വള്ളമിറക്കിയും നാട്ടുകാർ പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം പഞ്ചായത്ത് പടിക്കൽ പ്രതിഷേധ സമരം നടത്തിയിട്ടും ഫലമില്ല.
നാല് വർഷമായി കുട്ടനാട് എംഎൽഎ 36ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ റോഡ് പണി തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിലെ സംവരണ വാർഡായ 13ാം വാർഡിലാണ് പ്രയാറ്റേരി റോഡ്. ചെറുതന,വീയപുരം പഞ്ചായത്തുകളെ തമ്മിൽ വേർതിരിക്കുന്ന റോഡാണിത്. അത് പോലെ ഹരിപ്പാട്,കുട്ടനാട് നിയമസഭ മണ്ഡലങ്ങളെ വേർതിരിക്കുന്നതും ഇൗ റോഡ് തന്നെ.ചെറുതന പഞ്ചായത്തിന്റെ അതിർത്തി വരെ റോഡ് ഉയർത്തി ടാർ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് മുൻകൈയെടുത്ത് ഒന്നാം വാർഡ് കാഞ്ഞിരംതുരുത്ത് റോഡും അഞ്ചാം വാർഡിലെ എസ്ബിഐ റോഡും സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാൽ ഭരണസമിതി പ്രയാറ്റേരി റോഡിനോട് അവഗണനയാണ് കാണിക്കുന്നതെന്ന് വാർഡ് അംഗം എം.ജഗേഷ് പറഞ്ഞു.റോഡ് എത്രയും വേഗം നന്നാക്കിയില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.