ദേശീയപാത: അരൂർ–തുറവൂർ 12.75 കിലോമീറ്ററിൽ 2 വർഷത്തിനിടെ പൊലിഞ്ഞത് 18 ജീവൻ
Mail This Article
ആലപ്പുഴ∙ ദേശീയപാത 66ൽ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്റർ ദൂരത്ത് രണ്ടു വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 18 പേർക്ക്. 2024ൽ മാത്രം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത അപകടങ്ങളുടെ എണ്ണം 35. കേസ് റജിസ്റ്റർ ചെയ്യാത്ത അപകടങ്ങൾ ഇതിന്റെ ഇരട്ടിയിലധികം. മുൻപു നാലുവരിപ്പാതയായിരുന്നിട്ടും തിരക്കുണ്ടായിരുന്ന റോഡിൽ ഉയരപ്പാത നിർമാണം കാരണം വീതി കുറഞ്ഞതാണു പകൽ സമയത്തുണ്ടായ ഭൂരിഭാഗം അപകടങ്ങളുടെയും മൂലകാരണം.
ഉയരപ്പാതയ്ക്കായി പൈലിങ് നടത്തുമ്പോൾ ചെളിയും വെള്ളവും റോഡിലേക്ക് ഒഴുകി ഇരുചക്രവാഹന യാത്രികരും കാൽനടയാത്രികരും തെന്നി വീഴുന്നതും അപകടങ്ങൾക്കിടയാക്കി. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണു മറിഞ്ഞു വലിയ വാഹനങ്ങൾക്കടിയിൽപ്പെട്ടാണു ഭൂരിഭാഗം അപകടമരണങ്ങളും. രാത്രിയിൽ വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രികരെ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
റോഡിന്റെ സ്ഥിതി കണക്കിലെടുക്കാതെ ലോറികളും ബസുകളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നത് അപകടങ്ങൾക്കു വഴിവയ്ക്കുന്നു. വേണ്ടത്ര സുരക്ഷയില്ലാതെയാണ് ഉയരപ്പാതയുടെ പണികൾ നടക്കുന്നതെന്നു പലതവണ ആക്ഷേപം ഉയർന്നിരുന്നു. അപകടങ്ങൾ കൂടിയതോടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു റോഡിലെ കുഴികളും ചെളിയും പരിഹരിച്ചു ഗതാഗതയോഗ്യമാക്കിയിരുന്നു.
അതിനു ശേഷം അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഉയരപ്പാതയുടെ മുകളിൽ നിന്നു കോൺക്രീറ്റ് കഷണം വീണു കാർ തകർന്നത് അടുത്തിടെയാണ്. ഇത്തരത്തിലുള്ള അപകടങ്ങളും പാതയിൽ പതിയിരിക്കുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാനായി മുന്നറിയിപ്പ് ബോർഡുകൾ, ബ്ലിങ്കർ ലൈറ്റുകൾ, തെരുവുവിളക്ക് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ പാതയിൽ ഉറപ്പാക്കണം. മുകളിൽ നിന്നു കോൺക്രീറ്റും മറ്റും വീണുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം.