സിബിഎൽ അവസാന മത്സരം ഇന്ന് കൊല്ലത്ത്; നെഞ്ചിടിപ്പ് കുട്ടനാട്ടിൽ
Mail This Article
ആലപ്പുഴ ∙ കൊല്ലത്ത് അഷ്ടമുടിക്കായലിൽ ഇന്നു ചാംപ്യൻസ് ബോട്ട് ലീഗിലെ (സിബിഎൽ) അവസാന മത്സരം നടക്കുമ്പോൾ അതിന്റെ ആവേശവും നെഞ്ചിടിപ്പും കുട്ടനാട്ടിൽ മുഴങ്ങും. സിബിഎലിലെ ആദ്യ മൂന്നു സീസണുകളിലെയും ടൈറ്റിൽ വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) തുഴയുന്ന കാരിച്ചാൽ ചുണ്ടനാണ് ഇത്തവണയും ലീഗിൽ ഒന്നാം സ്ഥാനത്ത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു ലീഗിലെ മത്സരങ്ങളുടെ എണ്ണം 12ൽ നിന്ന് ആറായി കുറച്ചിട്ടുണ്ട്. എന്നിട്ടും 5 മത്സരങ്ങളിൽ നിന്നു 49 പോയിന്റാണു പള്ളാത്തുരുത്തി ബോട്ട് ക്ലബ് നേടിയത്.
47 പോയിന്റുള്ള വില്ലേജ് ബോട്ട് ക്ലബ് കൈനകരി (വിബിസി) തുഴയുന്ന വീയപുരം ചുണ്ടനാണു രണ്ടാം സ്ഥാനത്ത്. ഇന്നു ലീഗിലെ അവസാന മത്സരത്തിൽ പിബിസി ഫൈനൽ യോഗ്യത നേടിയാൽ തന്നെ ടൈറ്റിൽ വിജയികളാകും. പിബിസി ഫൈനൽ യോഗ്യത നേടാതിരിക്കുകയും വിബിസി, പിബിസിയെക്കാൾ നാലു സ്ഥാനം മുൻപിലെത്തുകയും ചെയ്താൽ വിബിസി ജേതാക്കളാകും. പിബിസി മൂന്നാമതും വിബിസി ഒന്നാമതും എത്തിയാൽ ഇരു ക്ലബ്ബുകൾക്കും ഒരേ പോയിന്റ് ആകും. ലീഗിൽ മൂന്നാമതുള്ള നിരണം ബോട്ട് ക്ലബ് (എൻബിസി) തുഴയുന്ന നിരണം ചുണ്ടന് 40 പോയിന്റാണുള്ളത്. അതിനാൽ പിബിസിയോ വിബിസിയോ അല്ലാതെ മറ്റൊരു ക്ലബ് കിരീടം നേടാൻ സാധ്യത തീരെ കുറവാണ്.
സിബിഎൽ 2024– ഇതുവരെയുള്ള ജേതാക്കൾ
താഴത്തങ്ങാടി– തർക്കം കാരണം മത്സരം പൂർത്തിയാക്കാനായില്ല, ഫൈനലിലെത്തിയ പിബിസി, വിബിസി, എൻബിസി എന്നിവർക്കു തുല്യ പോയിന്റ്
കൈനകരി– പിബിസി
പാണ്ടനാട്– വിബിസി
കരുവാറ്റ– പിബിസി|
കായംകുളം– പിബിസി