ADVERTISEMENT

കുട്ടനാട് ∙ കയറ്റിറക്കു തൊഴിലാളികൾ തർക്കം ഉന്നയിച്ചതിനെ തുടർന്ന് പാടശേഖരത്തിലേക്കു വന്ന 13850 കിലോഗ്രാം നെൽവിത്ത് ഗോഡൗണിൽ ഇറക്കാതെ സമീപത്തെ പറമ്പിൽ ഇറക്കിവച്ചു. ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരത്തിലേക്കു വന്ന ഏകദേശം 6 ലക്ഷം രൂപ വിലയുള്ള വിത്ത് ചമ്പക്കുളം സഹകരണ സംഘത്തിന്റെ ഗോഡൗണിൽ ഇറക്കുന്നതു സംബന്ധിച്ചാണ് തൊഴിലാളികൾ തർക്കമുണ്ടാക്കിയത്. പാടശേഖരത്തിനു വരുന്ന വിത്ത് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലാണ് ഇറക്കി സൂക്ഷിച്ചിരുന്നത്.

എന്നാൽ ഇത്തവണ ഗോഡൗൺ ലഭ്യമല്ലാത്തതിനാൽ സംഘത്തിന്റെ ഗോഡൗണിൽ സൂക്ഷിക്കാൻ ധാരണയായി. ഇന്നലെ  വിത്തെത്തിയപ്പോൾ തൊഴിലാളികൾ വിത്ത് ഇറക്കുന്നതു തങ്ങളുടെ അവകാശമാണെന്നു വാദിച്ചു. വിത്തിറക്കാൻ 4650 രൂപ കൂലിയായി ലഭിക്കണമെന്നും ആവശ്യപ്പെട്ടു. സംഘത്തിന്റെ ഗോഡൗണിൽ പുറത്തു നിന്നുള്ളവരെ കയറ്റ‌ില്ലെന്നു സംഘത്തിലെ ലോഡിങ് തൊഴിലാളികളും പറഞ്ഞതോടെ തർക്കമായി. ഇതോടെ പാടശേഖരത്തിന്റെ പുറംബണ്ടിനോടു ചേർന്നുള്ള പറമ്പിൽ വിത്തിറക്കി പടുത കൊണ്ടു മൂടി വച്ചു.

വെയിലും മഞ്ഞുമേൽക്കും; മഴ പെയ്താൽ നശിക്കും 
വെയിലും മഞ്ഞുമേറ്റ് ഇങ്ങനെ വിത്തു സൂക്ഷിക്കുന്നതു വിത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നു കർഷകർ പറഞ്ഞു.  മഴ പെയ്‌താൽ മുഴുവൻ വിത്തും നശിക്കു‌ം. വിത്തിറക്കുന്നതിനു തങ്ങൾക്കു ലഭിക്കേണ്ട 4650 രൂപ നഷ്ടപ്പെടുത്താൻ തയാറല്ലെന്ന കയറ്റിറക്കു തൊഴിലാളികളുടെ നിലപാടാണ് ഏകദേശം 6 ലക്ഷം രൂപ വിലമതിക്കുന്ന വിത്ത് പറമ്പിൽ ഇറക്കാൻ കാരണമായതെന്നും കർഷകർ പറയുന്നു.

ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കേണ്ട നെൽവിത്ത് പറമ്പിൽ ഇറക്കി വയ്‌ക്കേണ്ട വന്ന സാഹചര്യത്തിനു കാരണക്കാരായവരുടെ പേരിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു കലക്‌ടർക്കും മറ്റു ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണു കർഷകർ.  തൊഴിലാളികളുടെ  അനാവശ്യ തർക്കങ്ങൾക്കും  അധിക കൂലി കർഷകരിൽ നിന്നു പിടിച്ചു വാങ്ങുന്നതിനും എതിരെ പരാതി നൽകുമെന്നും ചമ്പക്കുളം പാടശേഖര ഏകോപന സമിതി സെക്രട്ടറി എം.കെ.വർഗീസ് മണ്ണുപ്പറമ്പിൽ പറഞ്ഞു.

English Summary:

Paddy seeds dispute halts delivery in Kuttanad. A worker's dispute resulted in 13,850 kilograms of paddy seeds being unloaded at an incorrect location, causing a significant delay in planting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com