ADVERTISEMENT

ആലപ്പുഴ∙ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ നൂറനാട് സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്നു 30.36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാളിലെ ദുപ്ഗുരി ജില്ലയിൽ ഗധേയർ പഞ്ചായത്തിൽ ഭുപൽ റോയ് (24) ആണ് അറസ്റ്റിലായത്. തട്ടിയെടുക്കുന്ന പണം എടിഎം വഴി പിൻവലിച്ചു നൽകുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടു കേരളത്തിനകത്തും പുറത്തും ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ഭുപലിന്റെ വീട്ടിൽ നിന്ന് ഒട്ടേറെ എടിഎം കാർഡുകളും മൊബൈൽ ഫോണുകളും സിമ്മുകളും പൊലീസ് പിടിച്ചെടുത്തു.

പ്രമുഖ ഷെയർ ട്രേഡിങ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആണെന്ന വ്യാജേന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടാണു പണം തട്ടിയെടുത്തത്. സെപ്റ്റംബർ 29 മുതൽ നവംബർ 11 വരെയുള്ള തീയതികളിലായി 6 തവണകളായാണു നൂറനാട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു തുക അയച്ചു നൽകിയത്. തട്ടിപ്പിന് ഇരയായെന്നു മനസ്സിലായതോടെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഭുപൽ റോയിയുടെ ബാങ്ക് അക്കൗണ്ടിലേക്കു 8.90 ലക്ഷം രൂപ അയച്ചതായി കണ്ടെത്തി.

സുഹൃത്തായ ധുപ്ഗുരി സ്വദേശി പ്രസേൻജിത് റോയ് സർക്കാർ എന്നയാൾക്ക്‌ എടിഎം വഴി പണം പിൻവലിച്ചു നൽകുകയാണു ഭുപൽറോയ് ചെയ്തിരുന്നത്. പിൻവലിക്കുന്ന പണത്തിന്റെ 25% ഇയാൾക്കു ലഭിച്ചിരുന്നു. ഭുപലിനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞു പ്രസേൻജിത്ത് ഭൂട്ടാനിലേക്കു കടന്നു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഏലിയാസ് പി.ജോർജ്, സബ് ഇൻസ്‌പെക്ടർ ശരത് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.മഹേഷ്, സിവിൽ പൊലീസ് ഓഫിസർ ജേക്കബ് സേവിയർ എന്നിവരാണു ബംഗാളിലെത്തി പ്രതിയെ പിടികൂടിയത്. സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

അറസ്റ്റ് സായുധ പൊലീസുമായെത്തി; പ്രതിക്കായി പ്രമുഖ അഭിഭാഷകർ
പ്രതികൂല കാലാവസ്ഥയിലും കൊടുംതണുപ്പിലും മൂന്നാഴ്ച  നടത്തിയ അന്വേഷണത്തിലാണ് ഭുപൽ റോയിയെ പിടികൂടാൻ കഴിഞ്ഞത്. ധുപ്ഗുരി പൊലീസിന്റെ സായുധ പൊലീസ് സംഘത്തോടൊപ്പം എത്തിയാണു പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് ടീം ഭുപലിനെ നാട്ടിൽ നിന്നു പിടികൂടിയത്. തുടർന്നു പ്രതിയെ ട്രാൻസിറ്റ് വാറന്റിനായി ബംഗാളിലെ ജൽപായിഗുരി സിജെഎം കോടതിയിൽ പ്രതിയെ ഹാജരാക്കിയപ്പോൾ അവിടത്തെ പ്രമുഖ അഭിഭാഷകരാണു പ്രതിക്കായി ഹാജരായത്. സ  വാദിക്കു നഷ്ടം വരുത്തിയ മുഴുവൻ പണവും തിരികെ നൽകാനും പ്രതി സന്നദ്ധനായിരുന്നു. ഈ കേസിലേക്കു മറ്റു പ്രതികളെ ലുധിയാന, സൂററ്റ്, ജാർഖണ്ഡ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി ഉടനെ പിടികൂടുമെന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറിയിച്ചു.

English Summary:

Alappuzha share market scam leads to arrest. A Bengal man, Bhupal Roy, was arrested for defrauding a bank employee of ₹30.36 lakh through a social media-based investment scam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com