സിബിഎൽ കപ്പടിച്ച് കാരിച്ചാൽ; വീരനായി വീയപുരം
Mail This Article
ആലപ്പുഴ∙ചാംപ്യൻസ് ബോട്ട് ലീഗ് സീസണിൽ ഉടനീളം കണ്ടത് അയൽക്കാർ തമ്മിലുള്ള പോരാട്ടം. ഒന്നാം സ്ഥാനം നേടിയ കാരിച്ചാൽ ചുണ്ടനും രണ്ടാമതെത്തിയ വീയപുരം ചുണ്ടനും വീയപുരം പഞ്ചായത്തിൽ നിന്നുള്ളവ തന്നെ. ലീഗിൽ മത്സരിച്ച പായിപ്പാട്, മേൽപാടം എന്നിവയും വീയപുരം പഞ്ചായത്തിൽ നിന്നു തന്നെ.പഴയ പ്രതാപം ഇപ്പോഴില്ലെന്നു പറഞ്ഞു നടന്നവർക്കുള്ള മറുപടിയായിരുന്നു കാരിച്ചാൽ ചുണ്ടന് ഈ സീസൺ. 16 തവണ നെഹ്റു ട്രോഫി നേടിയ ചുണ്ടന്റെ ആദ്യ സിബിഎൽ കിരീടമായി ഇത്. സിബിഎൽ കിരീടം നേടുന്ന ഏറ്റവും പഴക്കമേറിയ വള്ളവും കാരിച്ചാലായി. വീയപുരവും നിരണവും പലപ്പോഴും ഒപ്പത്തിനൊപ്പമോ അൽപം മുൻപിലോ എത്തിയെങ്കിലും അവസാന നിമിഷം അപ്രതീക്ഷിത കുതിപ്പിലൂടെ മുൻപിലെത്താൻ കാരിച്ചാലിനു കഴിഞ്ഞു. കാരിച്ചാലിന്റെ ആ കുതിപ്പിന് അതേ നാണയത്തിൽ മറുപടി നൽകിയ വീയപുരം ചുണ്ടനാണു ലീഗിൽ രണ്ടാമതെത്തിയത്.കഴിഞ്ഞ വർഷം നെഹ്റു ട്രോഫിയും സിബിഎലും നേടിയ പെരുമയുമായാണു വീയപുരമെത്തിയത്. കിരീടങ്ങൾ സ്വന്തമാക്കിയ 2024 ആകും ഏറ്റവും മികച്ച സീസൺ എന്നു കരുതിയവർക്കു പോരാട്ട വീര്യമെന്തെന്നു കാണിച്ചുകൊടുത്തു കയ്യടി വാങ്ങുകയാണ് ഈ സീസണിൽ വീയപുരം ചെയ്തത്. പലപ്പോഴും മോശം ട്രാക്ക് ലഭിച്ചിട്ടും കാരിച്ചാലിന് ഒപ്പമെത്താൻ വീയപുരത്തിനായെന്നതും വള്ളത്തിന്റെ ആ മികവു തന്നെ.
അജയ്യനായി പിബിസി
നെഹ്റു ട്രോഫി വള്ളംകളിയിൽ തുടർച്ചയായി അഞ്ചുതവണ വിജയിക്കുന്ന ആദ്യ ടീമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ചാംപ്യൻസ് ബോട്ട് ലീഗിലെ ആദ്യ നാലു സീസണുകളും സ്വന്തമെന്ന റെക്കോർഡ് കൂടിയായി. ആറു മത്സരങ്ങളിൽ നാലിലും ഒന്നാമതെത്തിയാണു നേട്ടം. വള്ളംകളിയിൽ വള്ളവും ട്രാക്കും എതിരാളികളെയും പഠിച്ചു തികഞ്ഞ പ്രഫഷനലിസം നടപ്പാക്കിയതാണു പള്ളാത്തുരുത്തിയുടെ തുടർ വിജയങ്ങൾക്കു കാരണമെന്നു വള്ളംകളിപ്രേമികൾ ഒന്നടങ്കം പറയുന്നതാണ്.ഫലമായി 2018നു ശേഷമുള്ള വർഷങ്ങളിൽ ജലരാജാവ് പള്ളാത്തുരുത്തി തന്നെ. തുഴച്ചിലുകാരെ തിരഞ്ഞെടുക്കുന്നതിലും പരിശീലനത്തിലും ക്യാംപിലെ ഭക്ഷണകാര്യത്തിലും ഉൾപ്പെടെ കൃത്യതയോടെ നടത്തുന്ന പരിശീലനമാണു ക്ലബ്ബിനെ സമീപകാല വള്ളംകളിയിലെ സമാനതകളില്ലാത്ത രാജാക്കൻമാരാക്കിയത്.
പോരാട്ടവീര്യത്തിന്റെ വിബിസി
നെഹ്റു ട്രോഫിയിൽ ഫൈനലിലെത്താൻ സാധ്യതയുള്ള ക്ലബ്ബുകളിൽ ഒന്നെന്നു വിലയിരുത്തിയ വില്ലേജ് ബോട്ട് ക്ലബ് (വിബിസി) കൈനകരിയുടെ താണ്ഡവമാണു പിന്നീടുള്ള വള്ളംകളികളിൽ കണ്ടത്.സിബിഎൽ മത്സരങ്ങളിലെ ഏറ്റവും കടുപ്പമേറിയ ഫൈനലുകൾ എടുത്താൽ അഞ്ചിൽ മൂന്നും ഈ വർഷമാണുണ്ടായത്. മുൻ വർഷങ്ങളിൽ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ വള്ളം ഒരിക്കലെങ്കിലും മൂന്നാം സ്ഥാനത്തോ അതിലും താഴേക്കോ പോയിട്ടുണ്ടെങ്കിൽ വിബിസിയുടെ കാര്യത്തിൽ അതുണ്ടായില്ല.നിർഭാഗ്യം കൊണ്ടുമാത്രം പല മത്സരങ്ങളും ടൈറ്റിൽ കിരീടവും വിബിസിക്കു കയ്യെത്തും ദൂരത്തു നഷ്ടപ്പെട്ടു. എങ്കിലും ഏറ്റവും മനോഹരമായ സീസൺ സമ്മാനിച്ചതു വീയപുരത്തിന്റെ വീര്യം തന്നെയാണ്.