പുതിയകാവ് – കല്ലുമല റോഡ്: 1.5 കിലോമീറ്ററിൽ 6 മാസത്തിനുള്ളിൽ 5 മരണം
Mail This Article
മാവേലിക്കര∙വളവുകൾ അപകട ഭീഷണിയാകുന്ന പുതിയകാവ്–കല്ലുമല 1.5 കിലോമീറ്റർ റോഡിൽ 3 മാസത്തിനുള്ളിൽ 2 മരണം, 6 മാസത്തിനുള്ളിൽ പൊലിഞ്ഞതു 5 ജീവനുകൾ, അപകടക്കെണി ഒഴിവാക്കാൻ പരിഹാരം മാത്രം അകലുന്നു. റോഡിലെ അപകടക്കെണി ചൂണ്ടിക്കാട്ടി നാട്ടുകാർ അധികൃതർക്കു നിവേദനം നൽകി. സെപ്റ്റംബറിൽ 19നു ശേഷം 2 അപകട മരണങ്ങളാണു ഉണ്ടായത്. പുതിയകാവ് മുതൽ കല്ലുമല വരെ ചെറുതും വലുതുമായ എട്ടോളം അപകട വളവുകളാണ് ഉള്ളത്.ഏറ്റവും കൂടുതൽ അപകട വളവുകൾ ഉള്ളതു പുതിയകാവിനും കല്ലുമല മേൽപാലത്തിനും ഇടയിലാണ്. പാലത്തിന്റെ ഇരുവശങ്ങളും ഇറക്കവും വളവും ചേർന്നു ഭാഗമാണ്. പഴയ എംകെവി തിയറ്റർ, മഞ്ചാടി മേഖലയിലേക്കു തിരിയുന്ന ഭാഗം, മാർ ഇവാനിയോസ് പള്ളിക്കു സമീപം, പാലത്തിനു വടക്ക് ഉൾപ്പെടെ പ്രദേശങ്ങളിൽ എസ് ആകൃതിയിലുള്ള അപകട വളവുകൾ ഉണ്ട്. ഇവിടെ റോഡിന്റെ വശങ്ങളിൽ മതിയായ വീതിയില്ലാത്തതും കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. പാലത്തിനു സമീപത്തു സ്കൂൾ ഉണ്ടെന്ന മുന്നറിയിപ്പ് ബോർഡ് പലരും അവഗണിക്കുകയാണ്.
പലപ്പോഴും സ്കൂളിൽ നിന്നെത്തുന്ന വാഹനങ്ങൾ പ്രധാന റോഡിലേക്കു പ്രവേശിക്കുമ്പോൾ പാലം കടന്നെത്തുന്ന വാഹനങ്ങളിൽ ഇടിക്കുന്നതു പതിവാണ്. പാലം കഴിഞ്ഞതിനു ശേഷം റോഡിൽ ചെറിയൊരു വളവും ഇറക്കവും ആയതിനാൽ കല്ലുമല ഭാഗത്തേക്കുള്ള വാഹനങ്ങൾ അതിവേഗത്തിലാണു സഞ്ചരിക്കുന്നത്. കല്ലുമല–ബുദ്ധ ജംക്‌ഷൻ റോഡിലെ ലവൽക്രോസ് ഒഴിവാക്കാനായി പലരും പുതിയകാവ്–കല്ലുമല റോഡ് ആണ് ആശ്രയിക്കുന്നത്.അതിനാൽ പുതിയകാവ്–കല്ലുമല റോഡിൽ തിരക്കും ഏറെയാണ്. കല്ലുമല റെയിൽവേ മേൽപാലം നിർമാണം ആരംഭിക്കുന്നതോടെ മുഴുവൻ വാഹനങ്ങളും പുതിയകാവ്–കല്ലുമല റോഡിലൂടെ ആകും സഞ്ചരിക്കുക. രാവിലെയും വൈകിട്ടും ചില സ്വകാര്യ ബസുകളും പുതിയകാവ്–കല്ലുമല റോഡിലൂടെയാണു കടന്നു പോകുന്നത്. പുതിയകാവ് സെന്റ് മേരീസ്, കല്ലുമല ബിഷപ് മൂർ വിദ്യാപീഠം, ബിഷപ് മൂർ കോളജ്, മാർ ഇവാനിയോസ് കോളജ്, എംബി ഐടിഐ എന്നിവിടങ്ങളിലെ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ സഞ്ചരിക്കുന്ന റോഡിൽ വാഹനങ്ങളുടെ അമിതവേഗത്തിനു നിയന്ത്രണം ഏർപ്പെടുത്താനും വളവുകളെ അപകടമുക്തമാക്കാനും നടപടി സ്വീകരിച്ചില്ലെങ്കിൽ നിരത്തിൽ ദുരന്തങ്ങൾ വർധിക്കും.