പോളയിൽ കുടുങ്ങി തൊഴിലാളികൾ പൊരിവെയിലത്ത് ആറു മണിക്കൂർ
Mail This Article
ചേർത്തല ∙കക്ക വാരാൻ വേമ്പനാട് കായലിൽ പോയി മടങ്ങുന്നതിനിടെ സ്ത്രീകൾ ഉൾപ്പെടെ 9 വള്ളങ്ങളിൽ പോയ 12 തൊഴിലാളികൾ ആറുമണിക്കൂറോളം ചെങ്ങണ്ട വിളക്കുമരം പാലത്തിനു സമീപം പോളയിൽ കുടുങ്ങി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തൊഴിലാളികളെ കരയ്ക്കെത്തിച്ചത്. ഇന്നലെ പുലർച്ചെയാണ് തൊഴിലാളികൾ കായലിൽ പോയത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ 11 മണിയോടെ ചെങ്ങണ്ട വിളക്കുമരം പാലത്തിനു സമീപം എത്തിയപ്പോൾ വള്ളം പോളയിൽ കുടുങ്ങുകയായിരുന്നു. കരയിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും പായലും പോളയും നിറഞ്ഞു കിടന്നതിനാൽ വള്ളം അടുപ്പിക്കാൻ കഴിഞ്ഞില്ല. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി. പല സ്ഥലങ്ങളിലായി കുടുങ്ങിയ തൊഴിലാളികളുടെ വള്ളങ്ങൾ ലൈഫ് ബോയ ഉപയോഗിച്ച് കരയ്ക്കെത്തിച്ചു. തൈക്കാട്ടുശേരി, പള്ളിപ്പുറം, തുറവൂർ സ്വദേശികളാണ് പായലിൽ കുടുങ്ങിയത്.പോളക്കടവ് പുന്നത്താഴ്നികർത്ത് ശശി, അഴകത്തറ വസുമതി, തൈക്കാട്ടുശേരി വഞ്ചിപ്പുരയ്ക്കൽ ബിജു, അമ്പാടിയിൽ കെ.കെ.ശിവദാസൻ, പുതുവൽ നികർത്ത് സുനി, വാല്യത്തറ വി.കെ.സുനിൽ, പള്ളിപ്പുറം മേക്കേവെളി ഗിരിജ, കൃഷ്ണാലയം ബിജു, തുറവൂർ കമലാലയത്തിൽ അനിരുദ്ധൻ, പുതുവൽ നികർത്ത് സാബു, ആര്യക്കര വീട്ടിൽ സുഭഗൻ, കുട്ടൻചാൽ ബിനുവാലയത്തിൽ തിലകൻ എന്നിവരാണ് കായലിൽ പലയിടങ്ങളിലായി കുടുങ്ങിയത്.
കരയോടു അടുത്തുള്ള ഭാഗത്ത് കുടുങ്ങിയ വള്ളങ്ങൾക്ക് കയർ എറിഞ്ഞു കൊടുത്ത് സമീപവാസികളുടെ സഹായത്തോടെ കരയിലേക്ക് വലിച്ചു അടുപ്പിക്കുകയായിരുന്നു. വള്ളങ്ങൾ നിരയായി അടുപ്പിച്ചിട്ടാണ് കരയിൽ നിന്ന് അകലെ കുടുങ്ങിയവരെ കരയിലേക്ക് എത്തിച്ചത്. മണിക്കൂറുകളോളം പോളയിൽ കുടുങ്ങി കിടന്നതിനാൽ വള്ളത്തിലുണ്ടായിരുന്ന വസുമതിക്കും ഗിരിജയക്കും ചെറിയ ശാരീരിക പ്രയാസങ്ങളുണ്ടായതല്ലാതെ മറ്റു അപകടങ്ങളൊന്നുമുണ്ടായില്ല. കരയ്ക്കെത്തിയ തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും നൽകി. ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ആർ. മധു, ഉദ്യോഗസ്ഥരായ എം.കെ.രമേശ്, പ്രിസു എസ്. ദർശൻ, പി.അജി, വി.ആർ. ലിജു മോൻ എന്നിവരും ചേർത്തല പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ ടി.പ്രസാദ്, ടി. ബൈജുവും മറ്റ് ഉദ്യോഗസ്ഥരും, പ്രദേശവാസികളായ ഹരി സൂരജ് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.