കരുവാറ്റ എടിഎം കവർച്ച: ഉത്തരേന്ത്യക്കാരായ 2 പേർ അറസ്റ്റിൽ; 38 എടിഎം കാർഡുകള് പിടികൂടി
Mail This Article
ഹരിപ്പാട് ∙ കരുവാറ്റയിലെ എടിഎമ്മിൽ നിന്നു പണം കവർച്ച ചെയ്ത കേസിൽ ഉത്തരേന്ത്യക്കാരായ 2 പേരെ പൊലീസ് പിടികൂടി. മധ്യപ്രദേശ് ജബൽപുർ സ്വദേശി ധർമേന്ദ്ര സാഹു (34), ഉത്തർപ്രദേശ് കാൺപൂർ സ്വദേശി രാഹുൽ മോറിയ (35) എന്നിവരെയാണു പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 38 എടിഎം കാർഡുകളും പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് വെള്ള സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികൾ എടിഎമ്മിൽ നിന്നു പതിനായിരം രൂപ കവർന്നത്.
പ്രതികൾ എത്തിയ സ്കൂട്ടറിന്റെ നമ്പർ വ്യാജമായിരുന്നു. തുടർന്നു വെള്ള നിറത്തിലുള്ള സ്കൂട്ടറുകൾ പൊലീസ് നിരീക്ഷിച്ചു. പ്രതികൾ ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചു. റജിസ്ട്രേഷൻ നമ്പർ വച്ച് സ്കൂട്ടറിന്റെ ഉടമയെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കലവൂരിൽ നിന്നു സ്കൂട്ടർ വാടകയ്ക്ക് എടുത്തതാണെന്നു കണ്ടെത്തി. രണ്ടു ദിവസത്തേക്കാണ് സ്കൂട്ടർ വാടകയ്ക്ക് എടുത്തിരുന്നത്. ഇന്നലെ സ്കൂട്ടർ തിരികെ ഏൽപിക്കാൻ എത്തിയപ്പോൾ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
പ്രതികൾ യുപിയിലേക്കു കടക്കുന്നതിനുള്ള തയാറെടുപ്പിൽ ആയിരുന്നുവെന്നു പൊലീസ് പറഞ്ഞു. എടിഎമ്മുകളിൽ നിന്നു പണം അപഹരിക്കുന്ന വടക്കേ ഇന്ത്യക്കാരായ സംഘത്തെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരുടെ സംഘത്തിൽപെട്ടവരാണോ കരുവാറ്റയിൽ മോഷണം നടത്തിയത് എന്ന സംശയവും പൊലീസിനുണ്ടായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന എടിഎം കാർഡുകൾ വ്യാജമായി നിർമിച്ചതാണോ മോഷ്ടിച്ചതാണോ എന്ന് അന്വേഷിക്കുന്നത്. ഇവരുടെ ബാഗിൽ നിന്ന് എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചതിന്റെ രസീതും ലഭിച്ചിട്ടുണ്ട്.