കണ്ടുനിൽക്കാനാകാത്ത വിധം ക്രൂരമായി തെരുവുനായ്ക്കൾ കാർത്യായനിയെ കടിച്ചുകീറി; ഞെട്ടലിൽ നാട്
Mail This Article
ആലപ്പുഴ ∙ കണ്ടുനിൽക്കാനാകാത്ത വിധം ക്രൂരമായാണു തെരുവുനായ്ക്കൾ കാർത്യായനിയെ കടിച്ചുകീറിയത്. ആക്രമണത്തിൽ പരുക്കേറ്റു കിടന്ന കാർത്യായനിയുടെ അടുത്തേക്ക് ആദ്യം ഓടിയെത്തിയ വലിയഴീക്കൽ കണിയാമ്പറമ്പിൽ മണിക്കുട്ടൻ ഞെട്ടലിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല. ചെമ്മീൻ ഷെഡിലെ ജോലിക്കാരനായ മണിക്കുട്ടനും സുഹൃത്തുക്കളും ചേർന്നാണു കാർത്യായനിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
‘മകൻ പ്രകാശും മരുമകൾ ജൂലിയയും ബഹളം വയ്ക്കുന്നതു കേട്ടാണ് ഓടിയെത്തിയത്. അപ്പോഴാണു തെരുവുനായ്ക്കൾ ആക്രമിച്ച നിലയിൽ കാർത്യായനിയെ കണ്ടത്. മുഖത്തും കഴുത്തിലും ആഴത്തിൽ മുറിവുണ്ടായിരുന്നു. ഉടൻ സമീപത്തെ ചെമ്മീൻ ഷെഡിലെ പിക്കപ് വാനിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാൽ തൃക്കുന്നപ്പുഴയെത്തിയപ്പോഴേക്കും മരിക്കുകയായിരുന്നു’– മണിക്കുട്ടൻ പറയുന്നു.
ഇന്നലെ ഉച്ചയ്ക്കു മൂന്നരയോടെ കാർത്യായനിയുടെ വീട്ടിൽ നിന്നു തെരുവുനായ്ക്കളുടെ കുര കേട്ടതായി അയൽവാസി മാലിശേരൽ അജിത്ത് പറയുന്നു. പ്രദേശത്തു തെരുവുനായ്ക്കൾ സ്ഥിരമായി ഉള്ളതിനാൽ കുര കേട്ടതു കാര്യമായി എടുത്തില്ല. വൈകിട്ടു പുറത്തുപോയി തിരിച്ചെത്തുമ്പോഴാണു കാർത്യായനിയെ നായ്ക്കൾ കടിച്ച കാര്യം അറിയുന്നത്.
പ്രകാശന്റെ വീടിനു സമീപത്തേത് ഉൾപ്പെടെയുള്ള ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടം കഴിക്കാനാണ് തെരുവുനായ്ക്കൾ പ്രദേശത്തു തമ്പടിക്കുന്നതെന്നു തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ പറഞ്ഞു. വലിയഴീക്കൽ ബീച്ചിന് അടുത്തുള്ള സ്ഥലമായതിനാൽ അവിടേക്കു വരുന്ന സഞ്ചാരികളും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവരും തെരുവുനായ്ക്കൾക്കു തീറ്റ നൽകാറുണ്ട്. തെരുവുനായ്ക്കൾക്കു തീറ്റ നൽകുന്നതു പ്രോത്സാഹിപ്പിക്കരുതെന്നു നിർദേശം നൽകിയിരുന്നെന്നു സജീവൻ പറയുന്നു. മറ്റു മേഖലകളിൽ നിന്നു വളർത്തുനായ്ക്കളെയും നായ്ക്കുട്ടികളെയും പ്രദേശത്തു കൊണ്ടുക്കളയുന്ന പ്രവണതയുമുണ്ടെന്നും സജീവൻ പറഞ്ഞു.
കാർത്യായനി ഇളയമകനൊപ്പം താമസമാക്കിയത് 5 മാസം മുൻപ്
ആറാട്ടുപുഴ∙ ഇളയ മകനൊപ്പം താമസിക്കാൻ ഏറെ ആഗ്രഹിച്ചെത്തിയ കാർത്ത്യായനിയാണു തെരുവുനായ്ക്കളുടെ ക്രൂര ആക്രമണത്തിന് ഇരയായത്. അഞ്ചുമാസം മുൻപാണു കാർത്ത്യായനി ഇളയ മകൻ പ്രകാശിനൊപ്പം താമസിക്കാൻ വലിയഴീക്കലിൽ എത്തിയത്. വാർധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഒപ്പം വന്നു നിൽക്കാൻ പ്രകാശും അമ്മയോടു പറയാറുണ്ടായിരുന്നു. ഓണക്കാലത്തു മറ്റു മക്കൾ വീട്ടിലെത്തി അമ്മയെ കാണുകയും ചെയ്തിരുന്നു. പ്രകാശും ഭാര്യ ജൂലിയയും പുറത്തു പോകുമ്പോൾ അമ്മ വീട്ടിൽ തനിച്ചാകും.
കാർത്യായനിക്കുള്ള ഭക്ഷണം എടുത്തു വച്ച ശേഷമാണ് ഇരുവരും പുറത്തു പോകാറുള്ളത്. പുറത്തു നിന്ന് ആരും വീട്ടിലേക്കു വരാതിരിക്കാൻ ഗേറ്റ് പുറത്തുനിന്നു പൂട്ടാനും ശ്രദ്ധിക്കാറുണ്ട്. ഇന്നലെ പോയപ്പോഴും പ്രകാശും ജൂലിയയും ഗേറ്റ് പൂട്ടിയിരുന്നു. എന്നാൽ വീടിന്റെ വടക്കുവശത്തെ പ്ലാസ്റ്റിക് മറയിലെ ദ്വാരത്തിലൂടെ തെരുവുനായ്ക്കൾ ഉള്ളിലേക്കെത്തുകയായിരുന്നു. വൈകിട്ടു നാലോടെ വീട്ടിലേക്കു മടങ്ങിയെത്തിയ പ്രകാശാണു തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ അമ്മയെ കണ്ടത്.
കാർത്യായനിയുടെ മക്കളിൽ പ്രകാശൻ ഒഴികെയുള്ളവരെല്ലാം തകഴിയിലാണു താമസം. അവിടെ മകൻ സന്തോഷിനൊപ്പമായിരുന്നു വർഷങ്ങളായി താമസം. തുടർന്നാണു പ്രകാശിന്റെയടുത്തേക്കു താമസം മാറിയത്. പ്രകാശിന്റെ വളർത്തുനായയെ വീടിനു സമീപത്തു കെട്ടിയിട്ടിരുന്നു. ഇതിനെ ആക്രമിക്കാനെത്തിയ തെരുവുനായ്ക്കളെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാകാം കാർത്യായനിയെ ആക്രമിച്ചതെന്നു നാട്ടുകാർ സംശയിക്കുന്നു. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പ്രകാശ് ഉൾപ്പെടെയുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.