തെരുവുനായ ആക്രമണം രൂക്ഷം; ചികിത്സാ സൗകര്യമില്ലാതെ നാട്
Mail This Article
ചാരുംമൂട് ∙ ചുനക്കര, താമരക്കുളം, നൂറനാട്, പാലമേൽ പഞ്ചായത്തുകളിലെ റോഡുകളിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ മരിച്ചു. തെരുവുനായ ആക്രമണത്തിൽ പ്രദേശത്തെ പത്തിലേറെ ഇരുചക്രവാഹനയാത്രക്കാർക്ക് പരുക്കേറ്റിരുന്നു. സന്ധ്യ കഴിഞ്ഞാൽ നാട്ടുകാർക്ക് റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇരുപതോളം തെരുവുനായ്ക്കളാണ് കുഞ്ഞുങ്ങളുമായി റോഡരികിൽ കിടക്കുന്നത്. ഇടവഴികളിലും കനാൽ റോഡുകളിലും തെരുവുനായ്ക്കൾ പെറ്റു പെരുകിയിരിക്കുകയാണ്.
ചുനക്കര പഞ്ചായത്തിലെ കരിമുളയ്ക്കൽ ഭാഗത്ത് തെരുവുനായശല്യം വർധിക്കുന്നതിനെ കുറിച്ച് നാട്ടുകാർ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവർക്ക് പ്രാഥമിക ശുശ്രൂഷ ലഭിക്കണമെങ്കിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ പോകേണ്ട സ്ഥിതിയാണ്. ഒരാഴ്ചയ്ക്ക് മുൻപ് പാലമേൽ പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ പത്തോളം പേരിൽ പലരും ആലപ്പുഴ മെഡിക്കൽ കോളജിലാണ് ചികിത്സ തേടിയത്. തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനായി ഓരോ വർഷവും പഞ്ചായത്തുകൾ ബജറ്റിൽ തുക അനുവദിക്കുമെങ്കിലും ഇതുവരെ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ല. പ്രദേശത്തെ സർക്കാർ ഓഫിസ് പരിസരത്തെല്ലാം തെരുവുനായ്ക്കളുടെ ശല്യമുണ്ട്. പഞ്ചായത്തുകളും ജനപ്രതിനിധികളും മുൻകൈയെടുത്ത് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.