ADVERTISEMENT

ആലപ്പുഴ ∙എംടി ഇവിടെയുണ്ടായിരുന്നു; 15 വർഷം മുൻപ് ആലപ്പുഴയുടെ കായലോരത്ത്. ഒരു ബ്രഹ്മാണ്ഡ സിനിമയുടെ തുടക്കമായിരുന്നു അത്. പക്ഷേ, മുടങ്ങിപ്പോയി. കളരി അടിസ്ഥാനമായ ആ സിനിമാസ്വപ്നം വീണ്ടും ചുവടുവയ്ക്കുമ്പോൾ കഥാകാരൻ മടക്കയാത്രയിലാണ്.2009ൽ ആണ് എംടി ‘നയൻടീൻത് സ്റ്റെപ്പ്’ (പത്തൊൻപതാം അടവ്) എന്ന രാജ്യാന്തര സിനിമയ്ക്കായി ആലപ്പുഴയിലെത്തിയത്. മാർത്താണ്ഡം കായലിൽ ചിത്രീകരണം തുടങ്ങാൻ ഒരുക്കങ്ങളായിരുന്നു. രണ്ടാഴ്ചയോളം പുന്നമടക്കായലിന്റെ തീരത്തെ റിസോർട്ടിൽ താമസിച്ച് എംടി നിർദേശങ്ങൾ നൽകി. ചിത്രത്തിന്റെ സംവിധായകൻ ഭരത് ബാലയുമുണ്ടായിരുന്നു ഒപ്പം. ഓർക്കാപ്പുറത്തൊരു സാങ്കേതിക തടസ്സമുണ്ടായി; ആ വൻ പദ്ധതി മുടങ്ങി.ജില്ലയിൽ‍ മാർത്താണ്ഡം കായൽ, പാതിരാമണൽ, കൃഷ്ണപുരം കൊട്ടാരം എന്നിവിടങ്ങളിൽ ചിത്രീകരണം നടത്താൻ ഉദ്ദേശിച്ചിരുന്നു. പത്മനാഭപുരം കൊട്ടാരവും ഹംപിയുമാണു പ്രധാന ലൊക്കേഷനായി തീരുമാനിച്ചത്.

ആലപ്പുഴയിലെ തനതു ഭക്ഷണം ആസ്വദിച്ച് താമസിച്ച എംടി മൂന്നു ദിവസം കഴിഞ്ഞപ്പോൾ വലിയൊരു ‘പ്രതിസന്ധി’യിലായി. ബീഡി തീർന്നു! എംടിയുടെ പ്രിയ ബ്രാൻഡ് ആലപ്പുഴയിലെങ്ങും കിട്ടാനില്ല. പ്രൊഡക്‌ഷൻ ചുമതലക്കാർ മറ്റു ചില ബ്രാൻഡുകൾ എത്തിച്ചെങ്കിലും ഇഷ്ട ബ്രാൻഡ് തന്നെ വേണമെന്ന് എംടി ശഠിച്ചു. മറ്റു ജില്ലകളിലും തപ്പിയെങ്കിലും കിട്ടിയില്ല. പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവ് എ.കബീ‍ർ കണ്ണൂരിലെ സുഹൃത്തിനെ വിളിച്ചു. അവിടെയുമില്ല. സുഹൃത്ത് പലയിടത്തും തിരഞ്ഞു മംഗലാപുരത്തുനിന്നു ബീഡിക്കെട്ടുകൾ വാങ്ങി അയച്ചു. കെഎസ്ആർടിസി ബസിൽ ഡ്രൈവർവശം കൊടുത്തയച്ച ബീഡി കബീർ ആലപ്പുഴ സ്റ്റാൻഡിൽ ഏറ്റുവാങ്ങി എംടിക്ക് എത്തിച്ചു. അദ്ദേഹത്തിനു സന്തോഷമായി.

വമ്പൻമാരുടെ വൻനിരയുണ്ടായിരുന്നു സിനിമയ്ക്കു പിന്നിൽ. ഭരത് ബാല പ്രൊഡക്‌ഷൻസിന്റെ സഹനിർമാതാക്കളായി വാൾട്ട് ഡിസ്നി ക്രിയേഷൻസ്. താരനിരയിൽ‍ ജാപ്പനീസ് നടൻ തദനോബു അസാനോ, കമൽ ഹാസൻ, ശോഭന, പൃഥ്വിരാജ്, അസിൻ തുടങ്ങിയവർ. എ.ആർ.റഹ്മാന്റെ സംഗീതം. ശബ്ദലേഖനത്തിനു റസൂൽ പൂക്കുട്ടി. ആക്‌ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യാൻ ‘ക്രൗച്ചിങ് ടൈഗർ ഹിഡൻ ഡ്രാഗൺ’ എന്ന പ്രശസ്ത സിനിമയിൽ സംഘട്ടനമൊരുക്കിയ ഡീഡീ കു. പ്രൊഡക്‌ഷൻ രൂപകൽ‍പനയ്ക്കു ‘ഹൗസ് ഓഫ് ഫ്ലൈയിങ് ഡാഗേഴ്സി’ലെ വു മിങ്. വിഎഫ്എക്സ് ചെയ്യാൻ റോബ് ഹോജ്സണും (ക്രൗച്ചിങ് ടൈഗർ ഹിഡൻ ഡ്രാഗൺ) ജോയൽ ഹൈനെക്കും (മമ്മി റിട്ടേൺസ്, മെട്രിക്സ്).

പതിനാറാം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിൽ നടക്കുന്ന കഥയാണ് എംടി എഴുതിയത്. കളരി ഗുരുവായി കമൽ ഹാസൻ, കളരി പഠിക്കാനെത്തുന്ന ചെറുപ്പക്കാരായി അസാനോയും അസിനും, അസിന്റെ അമ്മയായ രാജ്ഞി ശോഭന. പഠനത്തിനിടയിൽ അസാനോയും അസിനും പ്രേമത്തിലാകുന്നതു കഥയിലെ വഴിത്തിരിവ്. സിനിമയ്ക്കായി അസാനോ ഒരു മാസത്തോളം കളരി പഠിച്ചിരുന്നു. കളരി അഭ്യാസം നൃത്തരൂപത്തിൽ അവതരിപ്പിക്കുന്ന പാട്ടുകളും ആലോചിച്ചതാണ്.മുടങ്ങിയ പ്രോജക്ട് ഏറ്റെടുക്കാൻ ഇപ്പോൾ പ്രമുഖ അമേരിക്കൻ നിർമാണ കമ്പനി വന്നിട്ടുണ്ട്. ഇതേ കമ്പനിക്കു വേണ്ടി പ്രയാഗ്‌രാജിലെ കുംഭമേള പശ്ചാത്തലമാക്കി ഭരത് ബാല ചെയ്യുന്ന സിനിമ ജനുവരി 15നു തുടങ്ങും. അതു കഴിഞ്ഞാൽ എംടിയുടെ സിനിമയ്ക്കു പുനരുജ്ജീവനമാകും.

English Summary:

Pathonpatham Adavu, MT Vasudevan Nair's epic Kalaripayattu film, was abandoned after a technical glitch in 2009. Now, with an American production company on board, this star-studded historical drama is set for a long-awaited revival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com