ആശുപത്രി കെട്ടിടം ഉദ്ഘാടനം ജനുവരി മൂന്നിന്
Mail This Article
ചാരുംമൂട്∙ നൂറനാട് ലെപ്രസി സാനട്ടോറിയത്തിൽ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി ഉദ്ഘാടനത്തെ ചൊല്ലിയുള്ള വിവാദത്തിനിടെ ആശുപത്രിക്കു വേണ്ടി നിർമിച്ച കെട്ടിടം മന്ത്രി വീണാ ജോർജ് മൂന്നിന് വൈകിട്ട് 3.00ന് ഉദ്ഘാടനം ചെയ്യും. ആശുപത്രിയുടെ ഉദ്ഘാടനം രണ്ടാഴ്ച മുൻപ് സൂപ്രണ്ട് നിർവഹിച്ചിരുന്നെങ്കിലും ഇത് ആശുപത്രിയുടെ പരിധിയിലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരോ മറ്റ് ജനപ്രതിനിധികളോ അറിഞ്ഞിരുന്നില്ല. ഇതോടെ ഉദ്ഘാടനം വിവാദമായി. സിപിഎം നേതൃത്വവും ഉദ്ഘാടനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞയാഴ്ച നടന്ന സിപിഎം ചാരുംമൂട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 80കോടിയോളം രൂപ മുടക്കി 300 കിടക്കകളുമായി നിർമിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്. ഉദ്ഘാടന വേളയിൽ ആരോഗ്യ മന്ത്രി പുതിയ കെട്ടിടം മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഒട്ടേറെ അപകടങ്ങൾ നടക്കുന്ന കെപി റോഡിൽ പ്രാഥമിക ചികിത്സ പോലും നൽകാൻ സൗകര്യമില്ലാത്ത ആശുപത്രികളാണ് ഉള്ളത്.