വേലിയേറ്റം; കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച
Mail This Article
വെളിയനാട് ∙ വേലിയേറ്റത്തെത്തുടർന്നു കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. വെളിയനാട് കൃഷിഭവൻ പരിധിയിൽ വരുന്ന കിഴക്കേ വെള്ളിസ്രാക്കൽ പാടത്താണ് ഇന്നലെ രാവിലെ മടവീഴ്ച ഉണ്ടായത്. 87 ഏക്കർ വരുന്ന പാടശേഖരത്ത് 60 ദിവസം പിന്നിട്ട കൃഷിയാണു വെള്ളത്തിലായത്. 52 കർഷകരുള്ള പാടശേഖരമാണിത്. വേലിയേറ്റത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ആറ്റുതീരത്തോടു ചേർന്നുള്ള പുറംബണ്ട് പൊട്ടുകയായിരുന്നു. കർഷകർ ബണ്ടു ബലപ്പെടുത്തി സംരക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.പാടത്ത് നെൽച്ചെടികൾ മുങ്ങുന്ന വിധത്തിൽ വെള്ളം കയറി. രണ്ടാം വളം വരെ ഇട്ട പാടശേഖരമാണ്. അടിയന്തരമായി സർക്കാർ ഇടപെട്ട് തണ്ണീർമുക്കം ഷട്ടറുകൾ അടയ്ക്കുകയോ, വേലിയേറ്റ സമയത്ത് ഷട്ടർ നിയന്ത്രിക്കുകയോ വേണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് മാത്യു, സെക്രട്ടറി ശ്രീകുമാർ, കൺവീനർ ജയിംസ് എന്നിവർ ആവശ്യപ്പെട്ടു.