വൈരപ്പുറം പാലം ലിങ്ക് റോഡ്: ടാറിങ് പൂർത്തിയായി; തിട്ടയിടിച്ചിലിന് പരിഹാരമില്ല
Mail This Article
മാന്നാർ ∙ പാവുക്കര മുക്കാത്താരി – വൈരപ്പുറം പാലം ലിങ്ക് റോഡിന്റെ ടാറിങ് പൂർത്തിയായെങ്കിലും തോടിന്റെ തിട്ടയിടിച്ചിലിന് പരിഹാരമില്ലെന്ന് പരാതി.കഴിഞ്ഞ ദിവസമാണ് മാന്നാർ പഞ്ചായത്ത് 1 ാം വാർഡിൽ ഉൾപ്പെട്ട റോഡിന്റെ ടാറിങ് പൂർത്തിയായത്. റോഡ് നിർമാണത്തിനായി എത്തിയ ടിപ്പർ ലോറി കടന്നു പോയ മൂന്നിടത്തു തിട്ടയിടിഞ്ഞ് ഇലമ്പനം തോട്ടിൽ പതിച്ച് അപകടകമായ അവസ്ഥയിലാണ്.എന്നാൽ ടാറിങ് പൂർത്തിയായിട്ടും തിട്ടയിടഞ്ഞ ഭാഗത്ത് പുനർനിർമാണം നടത്താതെ കുഴിയും ഇടിഞ്ഞ ഭാഗവും കാണാതിരിക്കാൻ ഓലയിട്ട് മറച്ചിരിക്കുകയാണ്. വലിയ വാഹനങ്ങൾ ഇതു വഴി വന്നാൽ കുഴിയോ തിട്ടയിടിച്ചിലോ കാണാൻ കഴിയില്ല. സ്കൂൾ വാൻ ഉൾപ്പെടെയുള്ളവ കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിൽ വലിയ അപകടങ്ങൾക്കു തിട്ടയിടിച്ചിൽ കാരണമാകുമെന്ന ഭീതിയാണ് നാട്ടുകാർക്കുള്ളത്. നാട്ടുകാർ ഈ പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോൾ ഫണ്ടില്ലായെന്നാണ് മറുപടി ലഭിച്ചത്. തിട്ട ബലപ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.