ഉളവയ്പ് കായൽ കാർണിവൽ ഇന്നു മുതൽ; രാത്രി 12ന് കൂറ്റൻ പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേൽക്കും
Mail This Article
പൂച്ചാക്കൽ ∙ ഉളവയ്പ് കായൽ കാർണിവൽ പരിപാടികൾ ഇന്നു വൈകിട്ട് 6 ന് തുടങ്ങും. രാത്രി 12ന് കൂറ്റൻ പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേൽക്കലാണ് പ്രധാന ആഘോഷം.കാർണിവലിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ‘കായൽ 10’ എന്ന പേരിലാണ് ഗ്രാമീണരായ സംഘാടകർ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. 35 അടി നീളവും 6 അടി വീതിയുമുള്ളതാണ് പാപ്പാഞ്ഞി. എ. അഭിഷേക്, ജോബിൻ ജോർജ് എന്നിവരാണ് ശിൽപികൾ. ഇത്തവണ കായലിലാണ് പാപ്പാഞ്ഞിയെ സ്ഥാപിച്ച് കത്തിക്കുന്നത്. തെങ്ങുകുറ്റികൾ, മുള, വൈക്കോൽ തുടങ്ങിയവയിലാണ് ക്രമീകരണം.
ചാരം കായലിലേക്കു വീഴാതിരിക്കാൻ ക്രമീകരണമുണ്ട്. ആൾക്കൂട്ടത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നയാൾ റിമോട് കൺട്രോൾ ഉപയോഗിച്ചാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്.6ന് സമ്മേളനം, തുടർന്ന് സജി പാറു നയിക്കുന്ന ഫോക് റവല്യൂഷൻ എന്നിവയുണ്ടാകും. ഇന്നു വൈകിട്ട് പള്ളിവെളി കവല വരെയേ നാലുചക്രവാഹനങ്ങൾക്ക് പ്രവേശനമുള്ളൂ. ഉളവയ്പിലേക്ക് കടത്തിവിടില്ല.സുരക്ഷയുടെ ഭാഗമായി പൊലീസ്, എക്സൈസ് ആരോഗ്യ വിഭാഗം അധികൃതരുമുണ്ടാകും. ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാവർക്കും നാട്ടിലെ അമ്മമാർ തയാറാക്കി എത്തിക്കുന്ന കപ്പയും കക്കായിറച്ചിയും ഉണ്ടാകുമെന്നും ചെയർമാൻ സണ്ണി മാധവൻ, കൺവീനർ സഫിൻ പി. രാജ്, നയന ബിജു, ടി.കെ. റെജിമോൻ എന്നിവർ പറഞ്ഞു.