തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപിടിത്തം; ഒരു കോടി രൂപയുടെ നഷ്ടം
Mail This Article
ആലപ്പുഴ ∙ തുമ്പോളിയിൽ കയർ ഫാക്ടറിക്ക് തീപിടിച്ച് ഒരു കോടിയോളം രൂപയുടെ ഉൽപന്നങ്ങൾ നശിച്ചു. ആലപ്പുഴ കനാൽ വാർഡ് പനയ്ക്കൽ വീട്ടിൽ പി.ജി. കുര്യൻ വാടകയ്ക്കെടുത്ത് 2 വർഷമായി പ്രവർത്തിപ്പിക്കുന്ന മാതാ കയർ കമ്പനിയിലാണ് ഇന്നലെ രാവിലെ 10.15ന് തീപിടിത്തമുണ്ടായത്. കുഴൽക്കിണർ പ്രവർത്തിപ്പിക്കുന്ന മോട്ടറിന്റെ വയറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമായത്.ആലപ്പുഴയിൽ നിന്നു മൂന്നും ചേർത്തലയിൽ നിന്ന് ഒന്നും അഗ്നിരക്ഷാ യൂണിറ്റുകൾ ഒരു മണിക്കൂർ കൊണ്ടാണ് തീ അണച്ചത്.
മോട്ടറിന്റെ വയറിൽനിന്നുള്ള തീ കമ്പനിയുടെ ഉൽപന്നങ്ങൾ പാക്ക് ചെയ്യാൻ സൂക്ഷിച്ചിരുന്ന കടലാസിലേക്കു പടരുകയായിരുന്നു. ഇത് ഏറെ നേരമെടുത്തു പൂർണമായി കത്തിയെങ്കിലും കമ്പനിയിലെ ജീവനക്കാർ അറിഞ്ഞില്ല. സമീപവാസിയായ കടപ്പുറത്ത് തയ്യിൽ ജോമോൻ തീ പടരുന്നതു കണ്ട് വേഗം ബൈക്കിലെത്തി കമ്പനിയിലേക്കുള്ള ത്രീ ഫേസ് ഓഫാക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി.ഇതിനിടെ തീ പടർന്നു കമ്പനിയുടെ വർക്ക് ഷെഡിലേക്ക് വ്യാപിച്ചു. നാട്ടുകാരും തൊഴിലാളികളും ചേർന്നു വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ അഗ്നിരക്ഷാ സേന എത്തി തീ അണച്ചു.
കയറ്റുമതിക്കുള്ള കയർ, ജൂട്ട് ഉൽപന്നങ്ങളാണു കൂടുതലും നശിച്ചത്.തീ കത്തി 75 ലക്ഷം രൂപ വില വരുന്ന ഉൽപന്നങ്ങളും, തീ അണയ്ക്കുമ്പോൾ വെള്ളം വീണ് 25 ലക്ഷത്തോളം വില വരുന്ന ഉൽപന്നങ്ങളുമാണു നശിച്ചത്. അസോഷ്യേറ്റ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ആർ. ജയസിംഹൻ, അസി. സ്റ്റേഷൻ ഓഫിസർ ജോജി എൻ. ജോയ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ പി.വി. രഞ്ജിത്ത്, എ.ജെ. ബെഞ്ചമിൻ, ജസ്റ്റിൻ ജേക്കബ്, പത്മകുമാർ, എസ്. കണ്ണൻ, വിഷ്ണു വി. നായർ, ഡാനി ജോർജ്, യേശുദാസ് അഗസ്റ്റിൻ, കെ.ജി. സെബാസ്റ്റന്യൻ, ശ്രീന, ഹോം ഗാർഡ്മാരായ സുഖിലാൽ, ശ്രീജിത്ത് എന്നിവരാണ് തീ അണയ്ക്കാൻ പ്രവർത്തിച്ചത്.