ADVERTISEMENT

ആലപ്പുഴ ∙ പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കാനായി തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ച തുകയുടെ പകുതിപോലും പിഴയായി പിരിച്ചെടുക്കാനായില്ല. പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്കു 4.77 ലക്ഷം രൂപയാണു ചെലവായത്. എന്നാൽ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ പിഴ ചുമത്തിയത് 2.72 ലക്ഷം രൂപ മാത്രം. ഇതിൽ 1.52 ലക്ഷം രൂപ മാത്രമാണ് പിരിച്ചെടുക്കാനായത്. 

അനധികൃത ബോർഡുകളും ബാനറുകളും ഉൾപ്പെടെ 14913  പ്രചാരണ വസ്തുക്കളാണു ഹൈക്കോടതിയുടെ നിർദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ പൊതുസ്ഥലത്തു നിന്നു നീക്കിയത്. ഇതിനായി പഞ്ചായത്തുകൾക്ക് 4,75,210 രൂപയും നഗരസഭകൾക്ക് 1800 രൂപയുമാണു ചെലവായത്.പഞ്ചായത്തുകൾ 10477 പ്രചാരണവസ്തുക്കളും നഗരസഭകൾ 4436 പ്രചാരണ വസ്തുക്കളുമാണു നീക്കിയത്. പ‍ഞ്ചായത്തുകൾ 62700 രൂപയും നഗരസഭകൾ 2.1 ലക്ഷം രൂപയും പിഴയിട്ടു. പഞ്ചായത്തുകൾ 47200 രൂപയും നഗരസഭകൾ 1.05 ലക്ഷം രൂപയും പിരിച്ചെടുത്തു.ബോർഡുകൾ നീക്കം ചെയ്യാൻ നഗരസഭകളെക്കാൾ പണം ചെലവായത് പഞ്ചായത്തുകൾക്കാണ്. എന്നാൽ പിഴ ഈടാക്കുന്നതിലും പിരിച്ചെടുക്കുന്നതിലും നഗരസഭകളുടെ പിന്നിലാണു പഞ്ചായത്തുകൾ. 

ചുമത്തേണ്ട പിഴ 7.45 കോടി 
പൊതുസ്ഥലത്ത് അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കുന്നതിനു പുറമേ ബോർഡ് ഒന്നിന് 5000 രൂപ വീതം പിഴ ഈടാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇതനുസരിച്ചു ജില്ലയിൽ പൊതുസ്ഥലത്തു നിന്നു നീക്കിയ 14913 പ്രചാരണ വസ്തുക്കൾക്കായി 7.45 കോടി രൂപ പിഴയീടാക്കാം. എന്നാൽ പല പ്രചാരണ വസ്തുക്കളും ആരാണു സ്ഥാപിച്ചത് എന്നു വ്യക്തമല്ലെന്നു തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പറയുന്നു.പല സംഘടനകളുടെയും  സംസ്ഥാന പരിപാടികളുടെ ബോർഡുകളുണ്ട്. ഇവ സ്ഥാപിച്ചതു പ്രാദേശിക ഘടകങ്ങളാണെങ്കിലും ഇതു തെളിയിക്കാൻ കഴിയില്ല.ഒരു ബോർഡിന് 5000 വീതം പിഴ എന്നാണു നിർദേശമെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങൾ എത്ര ബോർഡുകൾ വച്ചാലും ആകെ പിഴ 5000 രൂപ എന്ന കണക്കിൽ പിഴ നിശ്ചയിച്ചതായും പരാതികളുണ്ട്.

പൊതു സ്ഥലത്തു നിന്നു നീക്കിയ പ്രചാരണ വസ്തുക്കൾ
ബോർഡുകൾ 10617 ബാനറുകൾ 2202 കൊടികൾ 1679 ഹോർഡിങ്ങുകൾ 415

English Summary:

Alappuzha's unauthorized board removal cost local bodies ₹4.77 lakh, yielding only a small portion of the potential ₹7.45 crore in fines. Despite a High Court order mandating fines, difficulties in identifying offenders hampered collections.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com