മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി: അജ്ഞാത മൃതദേഹങ്ങൾ മാറ്റാൻ വൈകുന്നു
Mail This Article
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് അജ്ഞാത മൃതദേഹങ്ങൾ മാറ്റി സംസ്കരിക്കാൻ വൈകുന്നു. ആകെയുള്ള 16 ഫ്രീസറുകളിൽ 8 എണ്ണത്തിലും അജ്ഞാത മൃതദേഹങ്ങളാണു സൂക്ഷിച്ചിട്ടുള്ളത്.മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരില്ലാതെ ചികിത്സയിലിരിക്കെ മരിച്ചവരാണ് ഇവരിലധികവും. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടിയ ശേഷം അമ്പലപ്പുഴ വടക്ക് പഞ്ചായത്താണ് ആലപ്പുഴ നഗരസഭ ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നത്.പൊലീസ് ക്ലിയറൻസ് കിട്ടുന്നതിനു മുൻപ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തണം. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ് ജില്ലയിലെ മറ്റു സ്റ്റേഷനുകളിലേക്ക് അയച്ച് അവിടെ നിന്ന് ക്ലിയറൻസ് കിട്ടാനുള്ള കാലതാമസമാണു പ്രധാന തടസ്സം. നിലവിൽ, ഒരു മൃതദേഹത്തിന്റെ ക്ലിയറൻസ് അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷനിൽ നിന്നു കിട്ടാനുണ്ട്.പൊലീസ് ക്ലിയറൻസ് കിട്ടിയ ശേഷം മെഡിക്കൽ കോളജ് അധികൃതർ രേഖാമൂലം അറിയിച്ചാൽ ഇത്തരം മൃതദേഹങ്ങൾ വൈകാതെ പഞ്ചായത്ത് ചെലവിൽ സംസ്കരിക്കുമെന്ന് പ്രസിഡന്റ് എസ്. ഹാരിസ് അറിയിച്ചു.