ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം ഐഡ ജംക്‌ഷൻ വരെ നാലുവരിപ്പാതയാകുന്നു; 30 മീറ്റർ വീതിക്ക് സാധ്യത
Mail This Article
ആലപ്പുഴ ∙ കൊല്ലം- തേനി ദേശീയപാത 183ൽ ചെങ്ങന്നൂർ– കോട്ടയം ഭാഗവും നാലുവരിപ്പാതയാകുന്നു. ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം ഐഡ ജംക്‌ഷൻ വരെയുള്ള എംസി റോഡിന്റെ ഭാഗമാണ് 24 മീറ്ററിൽ നാലുവരിപ്പാതയാക്കുന്നത്. ഇതിനു തത്വത്തിൽ തീരുമാനമായെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ഇപ്പോൾ 16 മീറ്ററാണു വീതി. സർവേ ഘട്ടത്തിൽ ഉയർന്ന വാഹന ഗതാഗതം രേഖപ്പെടുത്തിയാൽ ഒരുപക്ഷേ 30 മീറ്റർ വീതിയിൽ വികസിപ്പിക്കാനും സാധ്യതയുണ്ട്.
കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നിലവിലുള്ള പാത നാലുവരിയായി വികസിപ്പിക്കാൻ നേരത്തെ കൊല്ലത്തു ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ചെങ്ങന്നൂർ– കോട്ടയം ഭാഗം നാലുവരിപ്പാതയാക്കുന്നതിന്റെ വിശദ പദ്ധതിരേഖ തയാറാക്കാൻ ഏജൻസിയെ ക്ഷണിച്ച് വിജ്ഞാപനം ഉടനുണ്ടാകും.
ഈ ഭാഗത്തെ റോഡ് നവീകരണം ഉൾപ്പെടെ പ്രവർത്തനങ്ങൾക്കായി 36 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിരുന്നു. പണികൾ നടക്കുന്നുണ്ട്.24 മീറ്റർ വീതിയിലുള്ള റോഡിൽ നാലുവരിപ്പാത, ഡിവൈഡർ, നടപ്പാത, യൂട്ടിലിറ്റി ഡക്റ്റ് എന്നിവയുണ്ടാകും. റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിക്കു നിയമപ്രകാരമുള്ള ഏറ്റവും ഉയർന്ന നഷ്ടപരിഹാരം തന്നെ ലഭ്യമാക്കുമെന്നും എംപി പറഞ്ഞു.