പട്ടാപ്പകൽ വീട്ടമ്മയെ വായിൽ തുണിതിരുകി കയ്യുംകാലും കെട്ടിയിട്ട്, കഴുത്തിൽ കുരുക്കിട്ട് ജനൽകമ്പിയോടു ചേർത്ത് കെട്ടി
Mail This Article
കലവൂർ ∙ പട്ടാപ്പകൽ വീട്ടമ്മയെ വായിൽ തുണിതിരുകി കയ്യും കാലും കെട്ടിയിട്ട് കഴുത്തിൽ കുരുക്കിട്ട് ജനൽകമ്പിയോടു ചേർത്ത് കെട്ടിയനിലയിൽ കണ്ടെത്തി; മോഷണശ്രമമെന്നു സംശയം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ(58)യാണ് ആക്രമണത്തിന് ഇരയായത്.
രാവിലെ ജോലിക്ക് പോയ മകൻ ജോൺ പോൾ ഇന്നലെ ഉച്ചയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മാതാവിനെ അബോധാവസ്ഥയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെട്ടികാട് ഗവ.ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അക്രമിയുടെ മർദനത്തിൽ ശരീരത്തിൽ ക്ഷതമേറ്റ പാടുണ്ട്.
കൊച്ചിയിൽ നിന്ന് ബോട്ടിൽ കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ഭർത്താവ് ജോൺ രണ്ടാഴ്ച കൂടുമ്പോൾ മാത്രമേ വീട്ടിൽ വരാറുള്ളൂ. മകൻ ജോൺ പോൾ രാവിലെ ജോലിക്ക് പോയിരിക്കുകയായിരുന്നു. തിരികെ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതോടെ അടുക്കള ഭാഗത്ത് ചെല്ലുകയും തുറന്നുകിടന്ന വാതിലിലൂടെ അകത്തു കയറുകയുമായിരുന്നു.
അടുക്കളയ്ക്ക് സമീപമുള്ള മുറിയിൽ ജനൽകമ്പിയോട് ചേർത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ തങ്കമണി അപ്പോൾ അബോധാവസ്ഥയിലായിരുന്നു. കിടപ്പുമുറിയിലെ അലമാര തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്. സ്വർണം വീട്ടിൽ സൂക്ഷിക്കാത്തതിനാൽ ഇവ നഷ്ടപ്പെട്ടിട്ടില്ലെന്നു ജോൺപോൾ പറഞ്ഞു. ജോണിന്റെ മുറിയിൽ മൂവായിരം രൂപയോളം ഉണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. മണ്ണഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു.
‘വിളിച്ചിട്ട് വാതിൽ തുറന്നില്ല’
‘വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനാലാണ് അടുക്കള ഭാഗത്തേക്ക് ചെന്നത്. അവിടെയും കണ്ടില്ലെങ്കിലും വാതിൽ തുറന്നു കിടന്നിരുന്നതിനാൽ അകത്ത് കയറി നോക്കിയപ്പോഴാണ് ബോധമില്ലാതെ കെട്ടിയിട്ട നിലയിൽ അമ്മയെ കണ്ടത്.’– അക്രമത്തിന് ഇരയായ തങ്കമ്മയുടെ മകൻ ജോൺപോൾ പറഞ്ഞു.
മുഖത്ത് വെള്ളം തളിച്ചപ്പോൾ ഉണർന്നു. അപ്പോഴാണ് മോഷ്ടാവ് ആക്രമിച്ച കാര്യം പറഞ്ഞത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും ആശുപത്രിയിൽ കൊണ്ടുപോവുകയുമായിരുന്നു. വീട്ടിൽ നിന്ന് പണമോ സ്വർണമോ നഷ്ടപ്പെട്ടിട്ടില്ല. അമ്മയുടെ കഴുത്തിൽ മാല ഉണ്ടായിരുന്നില്ല. കമ്മൽ സ്വർണം അല്ലായിരുന്നുവെന്നും ജോൺ പറഞ്ഞു.
‘കുട ഉപയോഗിച്ച് തല്ലി, ഫോൺ എറിഞ്ഞുപൊട്ടിച്ചു’
‘കഴുത്തിൽ കുരുക്കിട്ടു ജനലിനോട് ചേർത്ത് കെട്ടിയപ്പോൾ കാല് ഉപയോഗിച്ച് ഇവിടെ കിടന്ന മൊബൈൽ ഫോൺ എടുക്കാൻ നോക്കിയപ്പോൾ മോഷ്ടാവ് അതെടുത്ത് എറിഞ്ഞു പൊട്ടിച്ചു. കുട ഉപയോഗിച്ച് തല്ലുകയും ചെയ്തു. മുഖം മൂടി ധരിച്ചിരുന്നതിനാൽ ആളെ വ്യക്തമായില്ല.’
മോഷ്ടാവിന്റെ ആക്രമണത്തിന് ഇരയായ വീട്ടമ്മ തങ്കമ്മ പറയുന്നു. രാവിലെ അടുക്കളയിൽ ആഹാരം പാകം ചെയ്യുന്നതിനിടെ അടുക്കള വാതിലിലൂടെ പുറത്തിറങ്ങിയപ്പോഴാണ് അക്രമി കുട ഉപയോഗിച്ച് അടിക്കുകയും വായിൽ തുണി തിരുകുകയും ചെയ്തത്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് കയ്യും കാലും കെട്ടിയിട്ടത്. ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ അയാൾ കഴുത്ത് കൂടുതൽ ചേർത്ത് കെട്ടി. ഒച്ച വയ്ക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.