ADVERTISEMENT

ബെംഗളൂരു∙ വെബ് ഓട്ടോകൾ അമിത നിരക്ക് ഈടാക്കുമ്പോൾ സാധാരണ ഓട്ടോകൾ മീറ്റർ പോലും ഇടാൻ തയാറാകുന്നില്ലെന്ന് വ്യാപക പരാതി. കൊള്ള അവസാനിപ്പിക്കാൻ നടപടി എടുക്കാതെ അധികൃതരും അനാസ്ഥ തുടരുകയാണ്. ആദ്യ 2 കിലോമീറ്ററിനു 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് ഓട്ടോയ്ക്കു സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. 

എന്നാൽ മീറ്റർ ഇടാൻ തയാറാകാത്ത പല ഓട്ടോ ഡ്രൈവർമാരും കുറഞ്ഞ കൂലിയായി 100 രൂപയാണ് ഈടാക്കുന്നത്.  പല ഓട്ടോകളിലും പ്രവർത്തനസജ്ജമായ മീറ്ററുകൾ പോലുമില്ല. ഇതു സംബന്ധിച്ച പരിശോധനയും നടക്കുന്നില്ല. ഓൺലൈൻ കമ്പനികൾക്കു ഗതാഗത വകുപ്പ് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ പേർ ഓട്ടോകളെ ആശ്രയിക്കുമെന്നതിനാൽ കർശന നടപടി ഉടൻ കൈക്കൊള്ളണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. 

അതേസമയം അനധികൃതമായി ഓടുന്ന വെബ് ടാക്സികൾ പിടിച്ചെടുക്കുമെന്നു ഗതാഗത വകുപ്പ് മന്ത്രി ശ്രീരാമുലു. വിശദീകരണം ആവശ്യപ്പെട്ട് ഇവയ്ക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. 2 ദിവസത്തിനുള്ളിൽ തുടർ നടപടികൾ  സ്വീകരിക്കും. ഒട്ടേറെ പരാതികൾ വെബ് ടാക്സികളെക്കുറിച്ച് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ലൈസൻസില്ലാതെ ഓലയും ഊബറും

വെബ് ടാക്സി കമ്പനികളായ ഓലയും ഊബറും പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന് ഗതാഗത വകുപ്പ്. ഇരു കമ്പനികൾക്കും നൽകിയ ലൈസൻസിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചതോടെ നടപടികൾ സ്വീകരിക്കാൻ കഴിയാതെ വന്നതായി ഗതാഗത വകുപ്പ് അറിയിച്ചു.

100 ഇലക്ട്രിക് ബസുകൾ കൂടി

ബിഎംടിസിക്ക് 100 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. ഒറ്റത്തവണ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് ബസുകൾ ഈ മാസം സർവീസ് തുടങ്ങും. യെലഹങ്ക ബസ് ഡിപ്പോയിൽ കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ബിഎംടിസിക്ക് നിലവിൽ 75 ഇലക്ട്രിക് ബസുകളാണ് ഉള്ളത്. പുതിയ ബസുകളുടെ റൂട്ടുകൾ തീരുമാനിച്ചതായും ഇവ ഉടൻ സർവീസ് തുടങ്ങുമെന്നും ബിഎംടിസി ഡയറക്ടർ എ.വി.സൂര്യ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com