ADVERTISEMENT

ബെംഗളൂരു∙ വിമാനത്താവള പാതയിലുള്ള ഹെബ്ബാൾ മേൽപാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു. കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയുടെ നിർമാണം മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും തുടങ്ങിയിട്ടില്ല. വിശദ പദ്ധതി രേഖ തയാറാക്കുന്നതിൽ ഉൾപ്പെടെ ബെംഗളൂരു വികസന അതോറിറ്റി വീഴ്ച വരുത്തിയതോടെ പദ്ധതി ഇനിയും നീളുമെന്ന് ഉറപ്പായി. 

നിർമാണം പൂർത്തിയാക്കാൻ 23118 ചതുരശ്ര അടി സ്ഥലം ഏറ്റെടുക്കേണ്ടതായുണ്ട്. പ്രതിദിനം മൂന്നരലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന ഹെബ്ബാൾ മേൽപാലം തുമക്കൂരു റോഡ്, ഔട്ടർ റിങ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്നുണ്ട്. നമ്മ മെട്രോ, സബേർബൻ റെയിൽ ശൃംഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്. തുമക്കൂരു റോഡ്, കെആർപുരം റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് അടിപ്പാത, വിമാനത്താവള പാതയിൽ നിലവിലുള്ള 3 ലെയ്നുകൾക്ക് പുറമേ 2 അധിക ലെയ്നുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിക്കും. 

ഹെബ്ബാൾ തടാക ഭാഗത്ത് നിന്ന് പാലവും നിർമിക്കും.

 ബിബിഎംപി, ബിഡിഎ, ബിഎംആർസി, ബിഎംടിസി, കെറൈഡ് എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി അനിശ്ചിതത്വത്തിലായതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് തുടരുകയാണ്. കഴിഞ്ഞ ജൂലൈയിൽ മേൽപാലത്തിലെ കുരുക്ക് നിയന്ത്രിക്കാൻ പരീക്ഷണാർഥം ഗതാഗത പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ ശാശ്വത പരിഹാരം വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. 

യാത്ര സുഗമമാക്കണം

ഹെബ്ബാൾ മേൽപാലത്തിലെ ഗതാഗതക്കുരുക്ക് കാരണം വിമാനത്താവളത്തിലേക്ക് മണിക്കൂറുകൾക്കു മുൻപേ യാത്ര ആരംഭിക്കേണ്ട അവസ്ഥയാണുള്ളത്. വിമാനം നഷ്ടമാകുമോയെന്ന സമ്മർദം വേറെയും. സുഖയാത്ര ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

സൂരജ്, മഡിവാള പുത്തൻ മേൽപാലം നിർമിക്കാൻ ബിബിഎംപി

ചാലുക്യ സർക്കിളിനെയും ഹെബ്ബാളിനെയും ബന്ധിപ്പിച്ചു മേൽപാലം നിർമിക്കാനുള്ള പദ്ധതിയുമായി ബിബിഎംപി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം പദ്ധതി നടത്തിപ്പുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി ബിബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു. ചാലുക്യ സർക്കിൾ മുതൽ എസ്റ്റീം മാൾ വരെ 8 കിലോമീറ്റർ നീളമുള്ള മേൽപാലം നിർമിക്കാനാണു ലക്ഷ്യമിടുന്നത്. 

2016ൽ ഇവിടെ സ്റ്റീൽ മേൽപാലം നിർമിക്കാൻ ബിബിഎംപി തീരുമാനിച്ചെങ്കിലും 812 മരങ്ങൾ മുറിക്കേണ്ടി വരുമെന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ഉയർത്തിയ ശക്തമായ എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. സെൻട്രൽ ബിസിനസ് ‍ഡിസ്ട്രിക്ടിനെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡിൽ മേൽപാലം വരുന്നത് പ്രദേശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com