ശിവമൊഗ്ഗ വിമാനത്താവളം ഉദ്ഘാടനം ഫെബ്രുവരിയിൽ
Mail This Article
ബെംഗളൂരു∙ ശിവമൊഗ്ഗ വിമാനത്താവളം ഫെബ്രുവരി 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ശിവമൊഗ്ഗയിൽ നിന്ന് 8.8 കിലോമീറ്റർ അകലെ സോഗനെയിലുള്ള വിമാനത്താവളത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണെന്ന് മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകനും ബിജെപി എംപിയുമായ ബി.വൈ രാഘവേന്ദ്ര പറഞ്ഞു. 2020 ജൂണിൽ നിർമാണം ആരംഭിച്ച വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 384 കോടി രൂപ ചെലവിട്ടാണ് നിർമിക്കുന്നത്. ഇതിന്റെ 90 ശതമാനവും ചെലവിട്ടത് കർണാടക സർക്കാരാണ്.
3200 മീറ്ററാണ് റൺവേയുടെ നീളം. ബെംഗളൂരു വിമാനത്താവളം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ റൺവേയാണിത്. ഉഡാൻ പദ്ധതിക്കു കീഴിൽ ബെംഗളൂരു, മംഗളൂരു, കൊച്ചി, മുംബൈ, ചെന്നൈ, തിരുപ്പതി തുടങ്ങിയവിടങ്ങളിലേക്ക് സർവീസ് നടത്താൻ സിവിൽ വ്യോമയാന വകുപ്പിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും രാഘവേന്ദ്ര പറഞ്ഞു. ഇവിടെ നിന്ന് 128 കിലോമീറ്റർ അകലെയാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം.