ADVERTISEMENT

ബെംഗളൂരു∙ ബിഡദിക്ക് സമീപം ഹെജ്ജലയേയും ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഹീലലിഗെയും ബന്ധിപ്പിച്ചുള്ള പുതിയ റെയിൽവേ പാതയുടെ സർവേക്കു റെയിൽവേ ബോർഡിന്റെ അനുമതി.33 കിലോമീറ്റർ ദൂരം വരുന്ന പാത രാമനഗര, ബെംഗളൂരു നഗരം, ബെംഗളൂരു ഗ്രാമ ഗ്രാമ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.

10 വർഷം മുൻപ് ആനേക്കൽ–ബിഡദി  പാതയ്ക്കായി സർവേ  നടത്തിയിരുന്നെങ്കിലും ബെന്നാർഘട്ടെ വന്യജീവിസങ്കേതത്തിലൂടെ കടന്നുപോകുന്നതിൽ  കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് പദ്ധതി റദ്ദാക്കുകയായിരുന്നു. വനമേഖല ഒഴിവാക്കിയാണ്  നിർദിഷ്ട ഹെജ്ജല–ഹീലലിഗെ പാതയുടെ രൂപരേഖ തയാറാക്കിയിരിക്കുന്നത്. 

വ്യവസായ മേഖലയെ ബന്ധിപ്പിക്കുന്ന പാത 

വ്യവസായ മേഖലയായ ബിഡദി, ജിഗനി, തമിഴ്നാട്ടിലെ ഹൊസൂർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണു നിർദിഷ്ട റെയിൽവേ ലൈൻ. നിലവിൽ മൈസൂരു–ബെംഗളൂരു റെയിൽപാത കടന്നുപോകുന്ന രാമനഗര ജില്ലയിലെ ഹെജ്ജലയിൽ നിന്ന് തുടങ്ങി  ബിഡദി, കെങ്കേരി, തലഘട്ടപുര, ഗൊട്ടിഗരെ നൈസ് റോഡ്, ഹുസ്കൂർ  വഴിയാണ് ഹൊസൂരിനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിലുള്ള  ഹീലലിഗെയിൽ  ‌എത്തുന്നത്.

ബാനസവാ‍ടി–ഹൊസൂർ പാതയുടെ ഭാഗമാണ് ഹീലലിഗെ. മൈസൂരു, ഹാസൻ ഉൾപ്പെടെയുള്ള തെക്കൻ കർണാടകയിൽ നിന്നുള്ളവർക്ക് ബെംഗളൂരുവിലെത്താതെ തന്നെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ പുതിയ പാതയിലൂടെ  സാധിക്കും. 

സൈക്കിൾ പാത പൊളിക്കൽ തുടരുന്നു 

സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരിച്ച റോഡുകളിൽ പലയിടങ്ങളിലും സൈക്കിൾ ട്രാക്കുകൾ കുത്തിപ്പൊളിച്ച നിലയിൽ. റേസ് കോഴ്സ് റോഡിൽ രാമനാരായൺ ചെല്ലാരം കോളജ് ബസ് സ്റ്റോപ്പിന് സമീപത്താണ് ബെസ്കോം ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി ആഴ്ചകൾക്ക് മുൻപ് പൊളിച്ചത്.

ഒരുവർഷം മുൻപാണ്  റേസ് കോഴ്സ് റോഡിൽ 2.5 കിലോമീറ്റർ ദൂരത്തിൽ സൈക്കിൾ ട്രാക്ക് സ്ഥാപിച്ചത്. കൂടുതൽ റോഡുകളിൽ  ട്രാക്കുകൾ വന്നതോടെ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചിരുന്നു.സൈക്കിൾ ട്രാക്കുകൾ കയ്യേറിയുള്ള വാഹനപാർക്കിങും തെരുവ് കച്ചവടവും വർധിച്ചതോടെ ഇതിനെതിരെ യാത്രക്കാരുടെ കൂട്ടായ്മകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

സുരഞ്ജൻ ദാസ് അടിപ്പാത അവസാനഘട്ടത്തിൽ 

ഓൾഡ് എയർപോർട്ട് റോഡ് സിഗ്‌നൽ രഹിത ഇടനാഴിയാക്കുന്നതിന്റെ ഭാഗമായുള്ള സുരഞ്ജൻദാസ് അടിപ്പാതയുടെ നിർമാണം അവസാനഘട്ടത്തിൽ. മുഖ്യമന്ത്രിയുടെ നഗരോഥാന പദ്ധതിയുടെ ഭാഗമായി 109.50 കോടിരൂപ വിനിയോഗിച്ചാണ് ഓൾഡ് എയർപോർട്ട് റോഡിലെ 3 ഇടങ്ങളിൽ അടിപ്പാതകൾ നിർമിക്കുന്നത്. ഇതിൽ കുന്ദലഹള്ളി ജംക്‌ഷനിലെ അടിപ്പാത കഴിഞ്ഞ വർഷം തുറന്നുകൊടുത്തിരുന്നു. വിൻഡ് ടണൽ ജംക്‌ഷനിലെ അടിപ്പാതയുടെ നിർമാണവും അവസാനഘട്ടത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com