റോവർ മാതൃകയുടെ പ്രദർശനം വിശ്വേശ്വരായ മ്യൂസിയത്തിൽ
Mail This Article
ബെംഗളൂരു∙യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വ പര്യവേക്ഷണ ദൗത്യത്തിലെ റോവർ മാതൃകയുടെ പ്രദർശനം വിശ്വേശ്വരായ സാങ്കേതിക മ്യൂസിയത്തിൽ ആരംഭിച്ചു. 2 പതിറ്റാണ്ടു മുൻപ് ചൊവ്വയിൽ ജലാംശം കണ്ടെത്താനായി നാസ വിന്യസിച്ച റോവറിന്റെ യഥാർഥ വലുപ്പത്തിലുള്ള മാതൃകയാണിത്. യുഎസ് കോർണൽ സർവകലാശാലയിലെ വിദ്യാർഥികളാണ് ഇതു നിർമിച്ചത്.
യുഎസ് രാജ്യാന്തര വാണിജ്യ വിഭാഗം അണ്ടർ സെക്രട്ടറി മാരിസ ലാഗോ, യുഎസ് കോൺസൽ ജനറൽ ജൂഡിത്ത് റാവിൻ, യുആർ റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എം.ശങ്കരൻ, നാസ ജറ്റ് പ്രൊപ്പൽഷൻ ലാബ് നിസാർ സിസ്റ്റം മാനേജർ അന്ന മരിയ ഗുരേരോ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെയും സമർപ്പണത്തിന്റെയും മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് മാരിസ ലാഗോ പറഞ്ഞു. വിർജീനിയയിലെ സ്മിത്ത്സോണിയൻ ബഹിരാകാശ മ്യൂസിയത്തിലും, 2020 ദുബായ് വേൾഡ് എക്സ്പോയിലെ യുഎസ് പവലിയനിലും ചെന്നൈ യുഎസ് കോൺസുലേറ്റിനും ഈ മാതൃക നേരത്തെ പ്രദർശിപ്പിച്ചിട്ടുണ്ട്.