ADVERTISEMENT

ബെംഗളൂരു∙ ഒഡീഷയിലെ ബാലസോറിൽ   അപകടത്തിൽപെട്ട   എസ്എംവിടി ബെംഗളൂരു– ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ  (12864)  ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്ത 33 യാത്രക്കാർക്ക് പരുക്കേറ്റു.  ഇതിൽ മലയാളികളും  കർണാടക സ്വദേശികളുമില്ലെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ അഡീഷനൽ മാനേജർ കുസുമ ഹരിപ്രസാദ് പറഞ്ഞു. 

റിസർവേഷൻ കംപാർട്ട്മെന്റിലെ യാത്രക്കാർ സുരക്ഷിതരാണ്.ബെംഗളൂരുവിൽ നിന്ന് റിസർവേഷൻ ചെയ്തിരുന്നത് 994 യാത്രക്കാർ. മുന്നൂറോളം പേർ  ജനറൽ കോച്ചുകളിലും കയറിയിട്ടുണ്ട്.  23 കോച്ചുകളുള്ള ട്രെയിനിലെ  2 ജനറൽ കോച്ചുകളും ലഗേജ് വാനുമാണ്  പാളം തെറ്റിയത്.   

എൻജിൻ ഉൾപ്പെടെ 19 കോച്ചുകൾക്ക് കേടുപാടുകളില്ല.  ഈ കോച്ചുകൾ സുരക്ഷിതമായി പുലർച്ചെ 3.45ന് ബാലസോറിലെത്തിച്ചു. തുടർന്ന് ഇതേ  കോച്ചുകളിൽ റിസർവ് ചെയ്ത യാത്രക്കാരുമായി ട്രെയിൻ  5.08ന് ബാലസോറിൽ നിന്ന്  ഹൗറയിലേക്ക് യാത്ര തിരിച്ചു. സുരക്ഷിതത്വം കണക്കിലെടുത്ത് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ പിന്നീട് യാത്ര തുടർന്നത്. തൊഴിൽ മന്ത്രി സന്തോഷ് ലാഡിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരടക്കം ഒഡീഷയിലേക്കു  പോയി. 

∙പുറപ്പെട്ടത് രണ്ടര മണിക്കൂർ വൈകി

ബെംഗളൂരു–ഹൗറ എക്സ്പ്രസ് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്ന്  വ്യാഴാഴ്ച  പുറപ്പെട്ടത് രണ്ട് മണിക്കൂർ വൈകി. രാവിലെ 10.35ന് പുറപ്പെടേണ്ട ട്രെയിൻ 12.30നാണ്  ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. വൈകിട്ട് 3.48ന് ബാലസോർ പിന്നിടേണ്ട ട്രെയിൻ രാത്രി 7ന് ശേഷമാണ് എത്തിയത്. 

∙ തീർഥാടകർ സുരക്ഷിതർ 

അപകടത്തിൽപെട്ട ബെംഗളൂരു–ഹൗറ എക്സ്പ്രസിൽ നിന്ന് രക്ഷപ്പെട്ടവരിൽ  ചിക്കമഗളൂരുവിൽ നിന്നുള്ള 110 ജൈന തീർഥാടകരും. ജാർഖണ്ഡ് ഗിരിദിഹ് ജില്ലയിലെ സാമറ്റ് ഷിക്കാർജി തീർഥാടന കേന്ദ്രത്തിലേക്കാണ് ഇവർ ഹൗറ എക്സ്പ്രസിൽ പുറപ്പെട്ടത്. എസ് 5, എസ് 6, എസ് 7 കോച്ചുകളിലായിരുന്നു ഇവർ സഞ്ചരിച്ചത്. ട്രെയിൻ ആടി ഉലഞ്ഞതോടെ മുകളിലെ ബർത്തുകളിൽ കിടന്നവർ താഴേക്ക് വീണതായി  യാത്രക്കാരനായ മാല പ്രകാശ് പറഞ്ഞു. ആർക്കും കാര്യമായ പരുക്കുകളില്ല. ഇതേ ട്രെയിനിൽ തന്നെയാണ് പിന്നീട്  യാത്ര തുടർന്നത്.  

∙  3 ട്രെയിനുകൾ റദ്ദാക്കി

അപകടത്തെ തുടർന്ന് ഇന്നലെ  പുറപ്പെടാനിരുന്ന 3 ട്രെയിനുകൾ റദ്ദാക്കി. എസ്എംവിടി–കാമാഖ്യ എക്സ്പ്രസ് (12551), എസ്എംവിടി–ഹൗറ എക്സ്പ്രസ് (12864), എസ്എംവിടി–ഭഗൽപൂർ എക്സ്പ്രസ് (12253) ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്നലെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട എസ്എംവിടി ബെംഗളൂരു–അഗർത്തല എക്സ്പ്രസ് (12503) , വാസ്കോഡഗാമ–ഷാലിമാർ എക്സ്പ്രസ്  (18048)‌ ‌ ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. 

ഉത്തരേന്ത്യയിലേക്കുള്ള  ട്രെയിനുകൾ റദ്ദാക്കി വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു∙ ഒഡീഷ ബാലസോറിലെ ട്രെയിൻ അപകടത്തെ തുടർന്ന് ഉത്തരേന്ത്യയിലേക്കുള്ള ദീർഘദൂര ട്രെയിനുകൾ റദ്ദാക്കിയതോടെ നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കാത്തിരുന്നു വലഞ്ഞ് യാത്രക്കാർ. ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ വെള്ളിയാഴ്ച രാത്രിയെത്തിയവർ തിരിച്ചുപോകാൻ കഴിയാതെ കുടുങ്ങി.  നഗരത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ കൂടുതലായി ആശ്രയിക്കുന്ന 3 ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയിൽവേ  ഇന്നലെ  റദ്ദാക്കിയത്.  സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വെള്ളവും ലഘുഭക്ഷണവും സ്റ്റേഷനുകളിൽ വിതരണം ചെയ്തു. റദ്ദാക്കിയ ട്രെയിനുകളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്ന് റെയിൽവേ അറിയിച്ചു.

∙ബെംഗളൂരുവിലെ ഹെൽപ് ലൈൻ നമ്പറുകൾ 

9480802140, 080 22942666, 080 22871291.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com