ADVERTISEMENT

ബെംഗളൂരു∙മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത10 വരി  മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ അപകടങ്ങൾ പതിവാകുകയാണ്. ഒരു മാസത്തിനിടെ 3 മലയാളികളുടെ ജീവനാണ് ഈ നിരത്തിൽ പൊലിഞ്ഞത്.  ഇക്കൊല്ലം മേയ് വരെ 570 അപകടങ്ങളിലായി 55 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 331 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ മേയ് 28ന് ലോറിക്കു പിന്നിൽ ബൈക്കിടിച്ച് 2 മലയാളി വിദ്യാർഥികൾ മരിച്ചതും ഇതിൽ ഉൾപ്പെടുന്നു.

ബെംഗളൂരു കുമ്പൽഗോഡ് മുതൽ മണ്ഡ്യ നിദ്ദഘട്ട വരെയുള്ള മേഖലയിലാണ് കൂടുതൽ അപകടങ്ങൾ. വാഹനങ്ങളുടെ അമിതവേഗം കാരണം ടയർ പൊട്ടിത്തെറിക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നു.  118 കിലോമീറ്റർ  പാതയിൽ 16 അപകട സ്പോട്ടുകൾ ദേശീയപാത അതോറിറ്റി അടയാളപ്പെടുത്തിയിട്ടുണ്ട്. സിഗ്‌നലുകളും ജംക്‌ഷനുകളും ഇല്ലാത്ത അതിവേഗ പാതയിൽ 80–100 കിലോമീറ്റർ വേഗമാണ് നിശ്ചയിച്ചിട്ടുള്ളത്.

  കാറുകൾ 100 കിലോമീറ്റർ പരിധി കടന്ന് പോകുന്നതും 6 വരി പ്രധാന പാതയിൽ തുടർച്ചായി ലെയ്നുകൾ മാറുന്നതുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. നിർമാണം പകുതി പൂർത്തിയായ സർവീസ് റോഡിലൂടെ വാഹനങ്ങൾ വൺവേ തെറ്റിച്ച് സ‍ഞ്ചരിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നുണ്ട്. ടോൾ ഒഴിവാക്കാൻ ബിഡദി, ശേഷഗിരിഹള്ളി എന്നിവിടങ്ങളിലെ ടോൾ ബൂത്തുകൾക്കു സമീപം വാഹനങ്ങൾ സർവീസ് റോഡിലൂടെ തെറ്റായ ദിശയിൽ എത്തുന്നതും പതിവാണ്.

നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു∙ മൈസൂരു–ബെംഗളൂരു ദേശീയ പാതയിലെ മണ്ഡ്യയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി വയനാട് പാടിച്ചിറ മഞ്ഞളിയിൽ വീട്ടിൽ എം.വി. ജെറിൻ (34) മരിച്ചു. യെലിയൂർ സർക്കിളിൽ ഇന്നലെ രാവിലെ 6.15നാണ് അപകടം. കാറിൽ ഒപ്പമുണ്ടായിരുന്ന പിതാവ് വർഗീസ്, അമ്മ മേഴ്സി  എന്നിവർക്ക് സാരമായ പരുക്കുകളുണ്ട്. ബെംഗളൂരുവിലുള്ള മകളെ കണ്ട ശേഷം മടങ്ങുകയായിരുന്നു  കുടുംബം. ഇവരുടെ കാറിനു മുന്നിൽ പോയ ലോറി ബ്രേക്കിട്ടതാണ് അപകടത്തിനിടയാക്കിയത്. ഗുരുതരമായി പരുക്കേറ്റ ജെറിനെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയായിരുന്നു മരണം.  മാനന്തവാടി പായോട്ടിൽ ‘വയനാട് ഡീസൽ’ എന്ന സ്ഥാപനം നടത്തി വരികയിരുന്നു ജെറിൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കു കൊണ്ടു പോയി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: രേഷ്മ. മകൻ: ദാവീദ്.

അപകടകാരണം പഠിക്കാൻ സമിതി വരുന്നു

ബെംഗളൂരു∙ എക്സ്പ്രസ് വേയിൽ അപകട കാരണങ്ങൾ കണ്ടെത്താൻ സമിതിയെ നിയോഗിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.  അപകടങ്ങളുടെ കാരണങ്ങൾ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ സാങ്കേതിക വിദഗ്ധരുടെ സമിതിയെയാകും നിയോഗിക്കുക. കൃഷിമന്ത്രി എൻ. ചെലുവരായസ്വാമിയുടെ അധ്യക്ഷതയിൽ വിധാൻ സൗധയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ദേശീയ പാത അതോറിറ്റി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അംഗീകാരം ലഭിക്കുന്നതിനു പിന്നാലെ സമിതി പരിശോധന ആരംഭിക്കും. തിരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ട് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാൻ ബിജെപി സർക്കാർ തിടുക്കം കാട്ടിയതായി മന്ത്രി ആരോപിച്ചു. ക്രെയിൻ, ആംബുലൻസ്. ആശുപത്രി സംവിധാനങ്ങൾ ഇവിടെ സ്ഥാപിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നതു വരെ പാതയിൽ നിന്നു ടോൾ പിരിവ് പാടില്ലെന്ന് ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെലുവരായസ്വാമി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com