ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ നിരോധിക്കാൻ നീക്കം
Mail This Article
ബെംഗളൂരു∙ അടുത്ത മാസം പകുതിയോടെ എക്സ്പ്രസ്‌വേയിൽ ഇരുചക്ര, മുചക്ര വാഹനങ്ങൾ നിരോധിക്കുന്ന കാര്യം പരിഗണനയിലെന്നു ദേശീയ പാത അതോറിറ്റി വെളിപ്പെടുത്തി. അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് നടപടി. പരമാവധി വേഗം 80–100 കിലോമീറ്റർ നിശ്ചയിച്ചിട്ടുള്ള പാതയിൽ ഇരുചക്ര, മുചക്ര വാഹനങ്ങളുടെ സാന്നിധ്യം അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന നിഗമനത്തെ തുടർന്നാണ് തീരുമാനം.
ഔദ്യോഗിക അംഗീകാരത്തിനു കാത്തിരിക്കുകയാണെന്നും 15 ദിവസത്തിനുള്ളിൽ അതു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻഎച്ച്എഐ മേഖലാ ഓഫിസർ വിവേക് ജയ്‌സ്വാൾ പറഞ്ഞു. ഡൽഹി–വഡോദര, ഡൽഹി–മീററ്റ് എക്സ്പ്രസ് വേകളിൽ സമാനമായ നിയന്ത്രണം നടപ്പിലാക്കിയിട്ടുണ്ടെന്നും പറഞ്ഞു. മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത 10 വരി പാതയിൽ ഈ വർഷം മേയ് വരെ 570 അപകടങ്ങളിലായി 55 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 331 പേർക്കു പരുക്കേറ്റു.