ബൊമ്മസന്ദ്ര മുതൽ ആർവി റോഡ് വരെയുള്ള പാത തുറക്കുന്നു; ഇലക്ട്രോണിക് സിറ്റിയിലേക്ക് ഡിസംബറിൽ നമ്മ മെട്രോ
Mail This Article
ബെംഗളൂരു∙ നഗരത്തിന്റെ ഐടി ആസ്ഥാനമായ ഇലക്ട്രോണിക് സിറ്റിയെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ ബൊമ്മസന്ദ്ര മുതൽ ആർവിറോഡ് വരെ 19.5 കിലോമീറ്റർ പാത ഡിസംബറിൽ സർവീസ് ആരംഭിച്ചേക്കും. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ ബൊമ്മസന്ദ്ര വരെ 15.5 കിലോമീറ്റർ ദൂരത്തെ സ്റ്റേഷനുകളുടെ നിർമാണം ഏറക്കുറെ പൂർത്തിയായി. അവസാനവട്ട മിനുക്കുപണികളാണ് അവശേഷിക്കുന്നത്.
സിൽക്ക് ബോർഡ് മുതൽ ആർവി റോഡ് വരെയുള്ള 4 കിലോമീറ്റർ ഭാഗത്തെ റാഗിഗുഡ്ഡ ഡബിൾ ഡെക്കർ മേൽപാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡബിൾ ഡെക്കർ മേൽപാലമാണിത്. 16 സ്റ്റേഷനുകളാണ് പാതയിലുള്ളത്.
ആർവി റോഡ്, റാഗിഗുഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ങസന്ദ്ര, ഹൊസ റോഡ്, ബരത്തന അഗ്രഹാര, കോനപ്പന അഗ്രഹാര, ഇലക്ട്രോണിക്സ് സിറ്റി, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ.
∙ഐടി മേഖലകളിലേക്ക് നമ്മ മെട്രോ
വൈറ്റ്ഫീൽഡിനു പിന്നാലെ ഇലക്ട്രോണിക് സിറ്റിയിലേക്കും നമ്മ മെട്രോ എത്തുന്നതോടെ നഗരത്തിലെ ഐടി മേഖലകളുടെ തീരാദുരിതമായ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇലക്ട്രോണിക് സിറ്റിയിൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.ജീവനക്കാരെ കൊണ്ടു വരാൻ പോകുന്ന ക്യാബുകൾ മണിക്കൂറുകളോളം റോഡുകളിൽ കാത്തു കിടക്കുന്ന അവസ്ഥയുണ്ട്. കുരുക്ക് രൂക്ഷമായതിനാൽ ഐടി ജീവനക്കാർ കാർ പൂളിങ് ശീലമാക്കാൻ ഉൾപ്പെടെ ട്രാഫിക് പൊലീസ് നിർദേശിച്ചിരുന്നു.
എന്നാൽ മെട്രോ എത്തുന്നതോടെ കുരുക്ക് അഴിയുമെന്നാണ് വിലയിരുത്തൽ. മെട്രോയിൽ എത്തുന്ന ജീവനക്കാർക്കു തുടർ യാത്രയ്ക്കായി വാഹനസൗകര്യം ഏർപ്പെടുത്താൻ ഐടി കമ്പനികളോടു ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് ഗ്രൂപ്പ് ടിക്കറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിപുലീകരിക്കാനും ബിഎംആർസി ലക്ഷ്യമിടുന്നുണ്ട്.
∙ തിരക്ക് കുറയ്ക്കാൻ ഇടവേള കുറയ്ക്കണം
നമ്മ മെട്രോയിൽ തിരക്കേറിയതോടെ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്ന ആവശ്യം ശക്തം. രാവിലെയും വൈകിട്ടും ഉൾപ്പെടെ വൻ നിരക്കാണ് നിലവിൽ മെട്രോ സ്റ്റേഷനുകളിൽ അനുഭവപ്പെടുന്നത്. ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കിൽ ട്രെയിനിൽ കയറാൻ നീണ്ട ക്യു പതിവാണ്.
തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റാണ് നിലവിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള. ഇതു കുറയ്ക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ശക്തമാണ്. ഒപ്പം മെട്രോ സ്റ്റേഷനുകളിലെ എല്ലാ പ്രവേശന കവാടങ്ങളും തുറക്കണമെന്നും ആവശ്യമുണ്ട്. നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 6.11 ലക്ഷമായി ഉയർന്നിട്ടുണ്ട്. വൈറ്റ്ഫീൽഡ് മുതൽ ചല്ലഘട്ട വരെ പർപ്പിൾ ലൈൻ പൂർണമായും സർവീസ് ആരംഭിക്കുന്നതോടെ ഇതു 7.5 ലക്ഷമായി ഉയരും. ഡിസംബറിൽ മറ്റു 2 പാതകൾ കൂടി സർവീസ് ആരംഭിക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒപ്പം തുറക്കും നാഗസന്ദ്ര–മാധവാര പാതയും
നാഗസന്ദ്ര–മാധവാര (3.14 കിലോമീറ്റർ) പാതയും ഡിസംബറിൽ തുറക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബിഎംആർസി വ്യക്തമാക്കി. സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്–നാഗസന്ദ്ര ഗ്രീൻ ലൈനിന്റെ തുടർച്ചയായാണ് മാധവാരയിലെ ബാംഗ്ലൂർ രാജ്യാന്തര കൺവൻഷൻ സെന്റർ (ബിഐഎസി) വരെയുള്ള പാത. മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നിവയാണ് സ്റ്റേഷനുകൾ. നഗരത്തിലെ വ്യാവസായിക മേഖലയിലേക്കുള്ളവർ ഏറെ പ്രയോജനപ്പെടുന്നതാണ് പാത.