ADVERTISEMENT

ബെംഗളൂരു ∙ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ടു കർണാടകയിലെ ജലക്ഷാമം ബോധിപ്പിക്കും. കാവേരി ജല മാനേജ്മെന്റ് അതോറിറ്റി നിർദേശത്തെ തുടർന്ന് തമിഴ്നാടിനു വെള്ളം വിട്ടുകൊടുക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷവും കർഷകരും പ്രതിഷേധത്തിലാണ്. ഇതേത്തുടർന്നു വിധാൻസൗധയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണു പ്രധാനമന്ത്രിയെ സമീപിക്കാനുള്ള തീരുമാനം. യോഗത്തിൽ പങ്കെടുത്ത ബിജെപി, ജനതാദൾ എസ് നേതാക്കൾ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

സുപ്രീം കോടതിയിൽ നാളെ തമിഴ്നാടിന്റെ ഹർജി പരിഗണിക്കുമ്പോൾ, വരൾച്ചാക്കാലത്തെ ജലം വിട്ടുകൊടുക്കൽ ഫോർമുലയ്ക്കായി വാദിക്കാനും യോഗം തീരുമാനിച്ചു. 2018ലെ സുപ്രീം കോടതി ഉത്തരവു പ്രകാരം ജൂണിനും ഓഗസ്റ്റിനുമിടെ 86.38 ശതകോടി ഘനയടി (ടിഎംസി) ജലമാണ് കർണാടക നൽകേണ്ടത്. എന്നാൽ മഴ കുറവായതിനാൽ അണക്കെട്ടുകളിൽ വെള്ളം കുറവാണ്. കൃഷ്ണ നദീജല തർക്ക ട്രൈബ്യൂണലിന്റെ വിധി വിജ്ഞാപനം ചെയ്യാനും മഹാദായി, മേക്കേദാട്ടു നദീജല പദ്ധതികൾക്ക് അംഗീകാരം നൽകാനും പ്രധാനമന്ത്രിയോട് സംഘം ആവശ്യപ്പെടും.

15 ദിവസത്തേക്ക് പ്രതിദിനം 10000 ഘനയടി (ക്യുസെക്) ജലം തമിഴ്നാടിനു വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കത്തെഴുതിയിരുന്നു. ഉപമുഖ്യമന്ത്രിയും ജലമന്ത്രിയുമായ ഡി.കെ.ശിവകുമാർ, മുൻ മുഖ്യമന്ത്രിമാരായ യെഡിയൂരപ്പ, വീരപ്പ മൊയ്​ലി, കുമാരസ്വാമി, ബസവരാജ് ബൊമ്മെ, സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ടർ എന്നിവർക്കു പുറമേ മന്ത്രിമാരും എംപിമാരിൽ ചിലരും യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com