ADVERTISEMENT

ബെംഗളൂരു∙ തിരുവനന്തപുരത്ത് നിന്ന് ബെള്ളാരി, വിജയനഗര, കൊപ്പാൾ ജില്ലകളെ ബന്ധിപ്പിച്ച് ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി മലയാളി കൂട്ടായ്മ. വിജയനഗര ജില്ലാ ആസ്ഥാനമായ ഹൊസ്പേട്ട് വഴി ട്രെയിൻ സർവീസ് ആരംഭിച്ചാൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഏറെ സൗകര്യമാകും. വ്യവസായ മേഖലയായ ജിൻഡൽ സ്റ്റീൽ, ചരിത്ര നഗരമായ ഹംപി, തുംഗഭദ്ര ഡാം തുടങ്ങിയ മേഖലകളിലുള്ളവർക്ക് കേരളത്തിലേക്ക് എത്താൻ ട്രെയിൻ സഹായമാകും.

കല്യാണ കർണാടക മേഖലയിലെ ശബരിമല തീർഥാടകർക്കും കേരളത്തിലേക്ക് നേരിട്ടെത്താൻ സാധിക്കും. നിലവിൽ 450 കിലോമീറ്റർ അകലെയുള്ള ബെംഗളൂരു, 100 കിലോമീറ്റർ അകലെയുള്ള ആന്ധ്രയിലെ ഗുണ്ടക്കൽ സ്റ്റേഷനുകളിലെത്തിയാണു തെക്കൻ കേരളത്തിലേക്കുള്ളവർ കണക്‌ഷൻ ട്രെയിൻ പിടിക്കുന്നത്. ഉത്സവ സീസണുകളിൽ കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നവരാണ് ഏറെ വലയുന്നത്.

ട്രെയിൻ സർവീസ് ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി ഹൊസ്പേട്ട് ആസ്ഥാനമായ കൈരളി കൾചറൽ അസോസിയേഷൻ പ്രസിഡന്റ് എം.കെ.മത്തായി എംപിമാരായ കാരാടി സംഗണ്ണ, വൈ.ദേവേന്ദ്രപ്പ, എച്ച്.ആർ ഗവിയപ്പ എംഎൽഎ, ജില്ലയുടെ ചുമതലയുള്ള മന്ത്രി സമീർ അഹമ്മദ് ഖാൻ, ദക്ഷിണ പശ്ചിമ റെയിൽവേ ഹുബ്ബള്ളി ഡിവിഷൻ ജനറൽ മാനേജർ എന്നിവർക്ക് നിവേദനം നൽകി. 

തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ  ഉള്ളവർക്കും ഗുണകരം

ഹുബ്ബള്ളിയിൽ നിന്ന് ഗദഗ്, കൊപ്പാൾ, ഹൊസ്പേട്ട് ജംക്‌ഷൻ, തോരണഗൽ, ബെള്ളാരി, ഗുണ്ടക്കൽ, കടപ്പ, റെനിഗുണ്ട, തിരുപ്പതി, കാട്പാടി, സേലം, കോയമ്പത്തൂർ വഴി ട്രെയിൻ സർവീസ് അനുവദിച്ചാൽ മലയാളികൾക്ക് പുറമേ തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ളവർക്കും ഗുണകരമാകും. കേരളത്തിൽ നിന്ന് ബെള്ളാരി ഉൾപ്പെടുന്ന കല്യാണ കർണാടക മേഖലയിലേക്കു ട്രെയിൻ സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വ്യവസായ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണം വർധിച്ചെങ്കിലും യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത തുടരുകയാണ്. മലബാർ മേഖലയിലേക്കുള്ളവർ ബസ് മാർഗം കാർവാർ, ബെംഗളൂരു എന്നിവിടങ്ങളിൽ എത്തിയാണ് നാട്ടിലേക്കുള്ള ട്രെയിൻ പിടിക്കുന്നത്.

പി.സുന്ദരൻ (ജനറൽ സെക്രട്ടറി, കൈരളി കൾചറൽ അസോസിയേഷൻ, ഹൊസ്പേട്ട്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com