ADVERTISEMENT

ബെംഗളൂരു∙ നഗരത്തിന് തീരാശാപമായ മാലിന്യ സംസ്കരണത്തിന് മാതൃകയായി ഇലക്ട്രോണിക് സിറ്റി ടൗൺഷിപ് അതോറിറ്റിയുടെ (എലിസിറ്റ) സുസ്ഥിര വികസന പാർക്ക്. 

ഓഫിസുകളിലെയും അപ്പാർട്മെന്റുകളിലെയും മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിന് പുറമേ മലിനജല ശുദ്ധീകരണ പ്ലാന്റ്, സൗരോർജ പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഒരു വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. 

ശേഖരണം മുതൽ  സംസ്കരണം വരെ 
എലിസിറ്റ പരിധിയിൽ വരുന്ന അപ്പാർട്മെന്റുകൾ, ടെക്പാർക്കുകൾ എന്നിവിടങ്ങളിൽ നിന്ന് ശാസ്ത്രീയമായി വേർതിരിച്ചാണു മാലിന്യം ശേഖരിക്കുന്നത്. ജർമൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്ലാന്റിൽ ഖര, ദ്രവ മാലിന്യം പ്രത്യേകമായാണ് സംസ്കരിക്കുന്നത്. പ്രതിദിനം 16 ടൺ വരെ മാലിന്യം സംസ്കരിക്കാം. ദ്രവ മാലിന്യത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന കംപോസ്റ്റ് വളം പായ്ക്കറ്റുകളിലാക്കി വിൽപന നടത്തുന്നുണ്ട്. ബാക്കി വരുന്ന മാലിന്യം ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റും പ്രവർത്തിക്കുന്നു. 

ഉറവിട മാലിന്യ സംസ്കരണം നിർബന്ധമാക്കണം
ഉറവിട മാലിന്യ സംസ്കരണം നിർബന്ധമാക്കിയാൽ നഗരം നേരിടുന്ന മാലിന്യ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. നഗരം വളരുന്നതിനനുസരിച്ച് മാലിന്യത്തിന്റെ തോത് ഉയരുകയാണ്. 18,000 ചതുരശ്ര അടിയിൽ വ്യാപിച്ച് കിടക്കുന്ന സുസ്ഥിര വികസന പാർക്ക് നഗരത്തിലെ വേറിട്ട മാതൃകയാണ് സമ്മാനിക്കുന്നത്. 

elizita-development-park-waste
1) എലിസിറ്റയുടെ മലിനജല ശുദ്ധീകരണ പ്ലാന്റ് 2) ഇലക്ട്രോണിക് സിറ്റി ടൗൺഷിപ് അതോറിറ്റി (എലിസിറ്റ)യുടെ നേതൃത്വത്തിൽ സുസ്ഥിര വികസന പാർക്കിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രം

ഡോ.വി.വീരപ്പൻ (ചെയർമാൻ, എലിസിറ്റ) സ്മാർട്ട് ബസ് സ്റ്റോപ്പ് 
നഗരത്തിലെ ആദ്യത്തെ സ്മാർട്ട് ബസ് സ്റ്റോപ്പ് ഫെബ്രുവരിയിലാണ് ഇൻഫോസിസ് അവന്യൂവിൽ എലിസിറ്റയുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബസ് സ്റ്റോപ്പിൽ യാത്രക്കാർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന വെൻഡിങ് മെഷീനിൽ നിന്നു ലഘുഭക്ഷണവും ജ്യൂസും ലഭ്യമാകും. ഇവയുടെ കവറുകളും ഭക്ഷണ മാലിന്യവും ഉപേക്ഷിക്കാനായി സെൻസർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മാലിന്യവീപ്പയും സജ്ജീകരിച്ചിട്ടുണ്ട്.

സുരക്ഷയ്ക്കായി പാനിക് ബട്ടൺ, സിസിടിവി ക്യാമറ, മൊബൈൽ, ലാപ്ടോപ് ചാർജിങ് പോയിന്റ്, ബിഎംടിസി ബസുകളുടെ റൂട്ടും സമയവും അറിയാൻ ഡിജിറ്റൽ ഡിസ്പ്ലെ ബോർഡ് എന്നിവയും സ്മാർട് ബസ് സ്റ്റോപ്പിന്റെ ഭാഗമാണ്. ചുമർപൂന്തോട്ടത്തിനൊപ്പം മഴവെള്ള സംഭരണിയും നിർമിച്ചിട്ടുണ്ട്. 

മലിനജല ശുദ്ധീകരണ പ്ലാന്റ് 
പ്രതിദിനം 1.6 ദശലക്ഷം ലീറ്റർ മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റിലെ വെള്ളം ഉപയോഗിച്ചാണ് പാർക്കുകൾ ഉൾപ്പെടെ നനയ്ക്കുന്നത്. ജലക്ഷാമം രൂക്ഷമായ മേഖലയിൽ ബിബിഎംപിയുടെ സഹകരണത്തോടെയാണ് പ്ലാന്റ് നിർമിച്ചത്. 

സൗരോർജ പ്ലാന്റ് 
250 കിലോവാട്ട് സംഭരണ ശേഷിയുള്ള സൗരോർജ പ്ലാന്റിൽ നിന്നുള്ള വൈദ്യുതിയാണ് എലിസിറ്റയിലെ തെരുവ് വിളക്കുകളും ട്രാഫിക് സിഗ്‌നലുകളും പ്രവർത്തിക്കുന്നതിനുമായി ഉപയോഗിക്കുന്നത്. ഐടി പാർക്കുകളിൽ ഉൾപ്പെടെ മിനി സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതും പൂർത്തിയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com