നിർമിത ബുദ്ധി വിപ്ലവവുമായി ബെംഗളൂരു ടെക് സമ്മിറ്റ്
Mail This Article
ബെംഗളൂരു∙ നിർമിത ബുദ്ധിയുടെ സാധ്യതകൾ വിവിധ മേഖലകളിലുണ്ടാക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ പരിചയപ്പെടുത്തി ബെംഗളൂരു ടെക് സമ്മിറ്റിന്റെ 26–ാം പതിപ്പിനു തുടക്കമായി. സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ പരിചയപ്പെടുത്താനും പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള മേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.സാങ്കേതിക വിദ്യയുടെ നേട്ടം എല്ലാവരിലും എത്തേണ്ടതുണ്ടെന്നും ബെംഗളൂരുവിനു പുറത്തേക്കും ഐടി മേഖലയെ വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മന്ത്രിമാരായ പ്രിയങ്ക് ഖർഗെ, എം.ബി.പാട്ടീൽ എൻ.എസ്.ബോസെരാജു എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. റോബട്ടിക്സ്, ഇലക്ട്രിക് വാഹന രംഗത്തെ പുത്തൻ പ്രവണതകൾ, കാർഷിക മേഖലയിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള സ്റ്റാളുകളാണ് ശ്രദ്ധ നേടുന്നത്. ഇസ്റോയുടെ സൗരദൗത്യമായ ആദിത്യ എൽ–1ന്റെ മാതൃകയും സ്റ്റാളിലുണ്ട്.
മനം കവർന്ന് ചന്ദ്രയാൻ 3 പവിലിയൻ
ഇസ്റോയുടെ ചന്ദ്രയാൻ–3 പവിലിയനാണ് മേളയിലെ പ്രധാന ആകർഷണം. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവറിന്റെയും ലാൻഡറിന്റെയും മാതൃക ഇവിടെയുണ്ട്. ഒപ്പം ചന്ദ്രയാൻ ദൗത്യത്തിന്റെ സമഗ്ര വിവരങ്ങൾ എആർ, വിആർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സന്ദർശകർക്ക് അറിയാനാകും. ബെംഗളൂരു പാലസിൽ നടക്കുന്ന മേളയിൽ മുപ്പതിലധികം രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 350 സ്റ്റാർട്ടപ്പുകളും 600 സ്റ്റാളുകളും മേളയിലുണ്ട്. വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. 1ന് സമാപിക്കും.