ആളൊഴിഞ്ഞ് വന്ദേഭാരത്, സമയക്രമം തിരിച്ചടി; ഓടുന്നത് പകുതി യാത്രക്കാരുമായി
Mail This Article
ബെംഗളൂരു ∙ ബെംഗളൂരു കന്റോൺമെന്റ്– കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങി 4 ദിവസം പിന്നിടുമ്പോൾ ബെംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾ ഓടുന്നത് പകുതി യാത്രക്കാരുമായി. യാത്രാസമയത്തിൽ വലിയ കുറവില്ലാത്തതും സൗകര്യപ്രദമല്ലാത്ത സമയത്ത് പുറപ്പെടുന്നതുമാണ് ഇതിനു പിന്നിൽ. ഒരു എക്സിക്യൂട്ടീവ് ചെയർകാറും 7 ചെയർകാറുകളും ഉൾപ്പെടെ 8 കോച്ചുകളുള്ള ട്രെയിനിൽ 556 പേർക്ക് യാത്ര ചെയ്യാം. ഇന്ന് പുറപ്പെടുന്ന ട്രെയിനിൽ ചെയർകാറുകളിൽ മാത്രം 220 സീറ്റ് ബാക്കിയാണ്. 7 വരെയുള്ള ബുക്കിങ് പരിശോധിച്ചാൽ, പകുതിയിലധികം സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്.
ചെന്നൈ–മൈസൂരു വന്ദേഭാരത് സ്പെഷൽ 31 വരെ
ചെന്നൈ– ബെംഗളൂരു– മൈസൂരു വന്ദേഭാരത് സ്പെഷൽ എക്സ്പ്രസിന്റെ (06037/ 06038) സർവീസ് 31 വരെ നീട്ടി. നേരത്തേ ഡിസംബർ 27 വരെയുണ്ടായിരുന്ന സർവീസാണ് നീട്ടിയത്.
കേരളത്തിലേക്ക് നീട്ടണമെന്ന് ആവശ്യം
അതേസമയം, കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ 3 ദിവസത്തെ സർവീസ് ഓടിയത് മുഴുവൻ സീറ്റുകളും നിറഞ്ഞാണ്. കോയമ്പത്തൂർ വരെയുള്ള വന്ദേഭാരത് കേരളത്തിലേക്ക് നീട്ടണമെന്ന ആവശ്യവുമായി മലയാളി യാത്രാ കൂട്ടായ്മകൾ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. പാലക്കാട് വരെയെങ്കിലും നീട്ടിയാൽ മധ്യകേരളത്തിലുള്ളവർക്ക് ഇതേറെ ഗുണകരമാകും. നിലവിൽ കെഎസ്ആർ ബെംഗളൂരു– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് മാത്രമാണ് കേരളത്തിലേക്കുള്ള ഏക പകൽ ട്രെയിൻ.
35 മിനിറ്റ് ഇടവേളയിൽ 2 ട്രെയിൻ
ബെംഗളൂരു– കോയമ്പത്തൂർ റൂട്ടിലെ വേഗമേറിയ ട്രെയിനായ ഉദയ് എക്സ്പ്രസ് വന്ദേഭാരത് പുറപ്പെട്ട് 35 മിനിറ്റിനു ശേഷം കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നുണ്ട്. വന്ദേഭാരത് ഹൊസൂർ വഴിയാണെങ്കിൽ ഉദയ് എക്സ്പ്രസ് ബംഗാർപേട്ട്, കുപ്പം വഴിയാണ് സർവീസ് നടത്തുന്നത്.
ബെംഗളൂരു കന്റോൺമെന്റ്– കോയമ്പത്തൂർ വന്ദേഭാരത് (20641) 6.20 മണിക്കൂർ
വ്യാഴം ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.40നു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് രാത്രി 8നാണ് കോയമ്പത്തൂരിൽ എത്തുന്നത്. ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്. 377 കിലോമീറ്റർ ദൂരം 6 മണിക്കൂർ 20 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് പിന്നിടുന്നത്. കോയമ്പത്തൂർ– ബെംഗളൂരു കന്റോൺമെന്റ് (20642) പുലർച്ചെ 5ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 11.30നു കന്റോൺമെന്റിലെത്തും.ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1,400 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2,355 രൂപയും കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യഥാക്രമം 1,025, 1,930 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കെഎസ്ആർ ബെംഗളൂരു– കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് (22665) 6.45 മണിക്കൂർ
ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9നു കോയമ്പത്തൂരിലെത്തും. 432 കിലോമീറ്റർ ദൂരം 6 മണിക്കൂർ 45 മിനിറ്റ് കൊണ്ട് പിന്നിടും. ബെംഗളൂരുവിൽ കെആർ പുരം, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ നോർത്ത്, കോയമ്പത്തൂർ ജംക്‌ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്. കോയമ്പത്തൂർ– കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (22666) രാവിലെ 5.45നു കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30നു ബെംഗളൂരുവിലെത്തും. സെക്കൻഡ് സിറ്റിങ്ങിൽ 180 രൂപയും എസി ചെയർകാറിൽ 625 രൂപയുമാണ് ടിക്കറ്റ് നിരക്ക്.