ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ; 688 കോടി; തടസ്സങ്ങൾ നീക്കി സുഗമയാത്ര
Mail This Article
ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ സർവീസ് റോഡുകളുടെ പ്രവൃത്തികൾ പൂർത്തിയാക്കാനും റെയിൽവേ മേൽപാലങ്ങൾ നിർമിക്കാനും 688.11 കോടി രൂപയുടെ കരാർ വിളിച്ച് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ).
23.4 കിലോമീറ്റർ ദൂരത്തിലെ നിർമാണ പ്രവൃത്തികൾക്കാണു തുക അനുവദിച്ചത്. സർവീസ് റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ നഗരങ്ങൾക്കുള്ളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനായി ബിഡദി, രാമനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളിലാണ് മേൽപാലങ്ങൾ നിർമിക്കുന്നത്.
118 കിലോമീറ്റർ ദൂരം വരുന്ന 10 വരി പാതയിൽ 6 വരി പ്രധാനപാതയും ഇരുവശങ്ങളിൽ 2 വരി സർവീസ് റോഡുമാണുള്ളത്. ഇതിൽ പ്രധാന പാതയിൽ മാത്രമാണ് റെയിൽവേ ക്രോസിങ്ങുകളിൽ മേൽപാലമുള്ളത്.
സർവീസ് റോഡുകളിലൂടെ പോകുന്ന വാഹനങ്ങൾ റെയിൽവേ ക്രോസിങ്ങുകളിൽ പഴയ ദേശീയപാതയിലൂടെ കിലോമീറ്ററുകൾ ചുറ്റിയാണ് സഞ്ചരിക്കുന്നത്. പ്രധാന പാതയിൽ അപകടങ്ങൾ പെരുകിയതോടെ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ എന്നിവയ്ക്ക് സർവീസ് റോഡുകളിലൂടെ മാത്രമാണ് യാത്രാനുമതി.
ദുരിതയാത്ര തീരാത്തതിൽ പ്രതിഷേധം
കഴിഞ്ഞ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്ത എക്സ്പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങി മാസങ്ങളായിട്ടും സർവീസ് റോഡുകളുടെ നിർമാണം തീരാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. നടപ്പാതകളില്ലാത്തതും തുറന്നുകിടക്കുന്ന ഓടകളും അപകടക്കെണിയൊരുക്കുന്നു.
മണ്ഡ്യ നിദ്ദഘട്ട മുതൽ ശ്രീരംഗപട്ടണ വരെയുള്ള ഭാഗത്തെ നിർമാണം പാതി പോലും പൂർത്തിയായിട്ടില്ല. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി കാൽനടയാത്ര പോലും അസാധ്യമാണ്. കൂടാതെ ബിഡദിക്കും രാമനഗരയ്ക്കും ഇടയിലുള്ള വെള്ളക്കെട്ട് പ്രശ്നവും പരിഹാരമില്ലാതെ തുടരുകയാണ്.
തുടർച്ചയായി വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ വർഷം 2 ദിവസം പ്രധാന പാതയിലൂടെ പോകേണ്ട വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. ഗ്രാമീണർക്ക് റോഡ് കടക്കാനുള്ള അടിപ്പാതകളുടെ നിർമാണവും പൂർത്തിയായിട്ടില്ല. റോഡ് കടക്കാൻ 24 കാൽനട മേൽപാലങ്ങൾ നിർമിക്കുമെന്ന് എൻഎച്ച്എഐ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർ നടപടികൾ വൈകുകയാണ്.