കയ്യേറ്റം: ബെംഗളൂരുവിൽ നൂറിലേറെ ഫ്ലാറ്റുകളും വീടുകളും പൊളിച്ചു
Mail This Article
ബെംഗളൂരു ∙ കയ്യേറ്റം ആരോപിച്ച് ബെംഗളൂരുവിൽ നൂറിലേറെ ഫ്ലാറ്റുകളും വീടുകളും കർണാടക വ്യവസായ മേഖല വികസന ബോർഡ് (കെഐഎഡിബി) ഇടിച്ചു നിരത്തി. കാടുബീസനഹള്ളിയിലെ വ്യവസായ ഭൂമി കയ്യേറിയുള്ള നിർമാണങ്ങളാണ് ഇവയെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ പ്രദേശവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
20 വർഷമായി ഇവിടെ ഫ്ലാറ്റുകളും സൈറ്റുകളും വാങ്ങി താമസിച്ചു വരികയാണെന്നും മുൻകൂർ നോട്ടിസ് നൽകാതെയാണ് ബുൾഡോസറുകൾ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തലെന്നും പ്രദേശവാസികൾ ആരോപിച്ചു.
വീട്ടുസാധനങ്ങൾ മാറ്റാനുള്ള അവസരം പോലും അധികൃതർ നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പലരും വീടുവിട്ടിറങ്ങാൻ തയാറാകാത്തതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തു നീക്കിയത്. അതേസമയം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കയ്യേറ്റമൊഴിപ്പിക്കലിനു നേതൃത്വം നൽകിയ കെഐഎഡിബി ഉദ്യോഗസ്ഥർ പറഞ്ഞു. സംഘർഷാവസ്ഥയെ തുടർന്ന് നൂറിലധികം പൊലീസ് സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.