ADVERTISEMENT

ബെംഗളൂരു ∙ നമ്മ മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിൽ സുരക്ഷ ഉറപ്പാക്കാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കുമെന്ന് ബിഎംആർസി അറിയിച്ചു. ട്രാക്കിലെയും സിഗ്‌നലിങ്ങിലെയും ഉൾപ്പെടെ പ്രശ്നങ്ങൾ ശരവേഗത്തിൽ കണ്ടെത്തി പരിഹരിക്കാനാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. പാതയിൽ ഓടിക്കാനുള്ള ഡ്രൈവറില്ലാ ട്രെയിനുകളുടെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. നിർമാണത്തിലിരിക്കുന്ന മറ്റു പാതകളായ കല്ലേന അഗ്രഹാര–നാഗവാര, സിൽക്ക് ബോർഡ്–കെആർപുര–വിമാനത്താവള പാതകളിലും സമാന സോഫ്റ്റ്‌വെയർ ഉപയോഗിക്കുമെന്ന് ബിഎംആർസി അറിയിച്ചു.

നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറകൾ നിരന്തരം ട്രാക്കുകൾ നിരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കും. സർവീസ് വിവരങ്ങൾ വിശകലനം ചെയ്ത് പ്രശ്നങ്ങൾ കണ്ടെത്തും. അറ്റകുറ്റപ്പണി സംബന്ധിച്ച നിർദേശങ്ങൾ സമയബന്ധിതമായി നൽകും. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് സർവീസ് നിർത്തിവയ്ക്കുന്നതു ഒഴിവാക്കാനും അറ്റകുറ്റപ്പണികളുടെ ചെലവ് കുറയ്ക്കാനും ഇതു സഹായിക്കും. പാതയിൽ ജൂലൈയിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 സ്റ്റേഷനുകളാണ് പാതയിലുള്ളത്.  

സീതാരാമപാളയയിൽ കാൽനട മേൽപാലം 2 മാസത്തിനകം
സീതാരാമപാളയ മെട്രോ സ്റ്റേഷന് സമീപം കാൽനട മേൽപാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. 2 മാസത്തിനകം ഇതു തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഞ്ജനേയ ടെംപിൾ ജം‌ക്‌ഷനിലെയും ഗ്രാഫൈറ്റ് ഇന്ത്യ മെയിൻ റോഡിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്. ഒപ്പം കുന്ദലഹള്ളി കോളനി, എഇസിഎസ് ലേഔട്ട്, ബ്രൂക്ക്ഫീൽഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു തിരക്കേറിയ റോ‍ഡ് കടക്കാതെ സുരക്ഷിതമായി മെട്രോ സ്റ്റേഷനിലേക്ക് എത്താനും ഇതു സഹായകമാകും. പ്രതിദിനം എഴുപതിനായിരത്തിലേറെ പേർക്കു മേൽപാലം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ബിഎംആർസി അറിയിച്ചു. 

15,000 തൈകൾ നട്ടു പരിപാലിക്കാൻകരാർ ക്ഷണിച്ചു
മെട്രോ നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയ മരങ്ങൾക്കു പകരം 15,000 തൈകൾ നട്ടു പരിപാലിക്കാൻ ബിഎംആർസി കരാർ ക്ഷണിച്ചു. ദൊബാസ്പേട്ട് ഫോർത്ത് ഫേസ്, ദൊഡ്ഡബല്ലാപുര തേർഡ് സ്റ്റേജ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ തൈകൾ നട്ടുപിടിപ്പിച്ച് 3 വർഷത്തെ സംരക്ഷണം ഉറപ്പാക്കണം. മെട്രോ നിർമാണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റുന്ന മരങ്ങൾക്കു പകരം തൈകൾ നടണമെന്നും സാധ്യമായവ മാറ്റി സ്ഥാപിക്കണമെന്നും ഹൈക്കോടതി ബിഎംആർസിക്കു നിർദേശം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com