മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേ: കാൽനടമേൽപാലം, അടിപ്പാത; അനുമതി 15 ദിവസത്തിനകം
Mail This Article
ബെംഗളൂരു∙ മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ കാൽനടമേൽപാലങ്ങൾക്കും അടിപ്പാതകൾക്കും 15 ദിവസത്തിനുള്ളിൽ അനുമതി നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പാതയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് റോഡ് കടക്കാൻ സർവീസ് റോഡുകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണമെന്ന പരാതിയെ തുടർന്നാണിത്.
24 മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കാൻ ദേശീയപാത അതോറിറ്റി 1200 കോടിരൂപ അനുവദിച്ചെങ്കിലും തുടർ നടപടികൾ വൈകുന്നതായി എംപിമാരായ പ്രതാപ് സിംഹയും സുമലതയും കഴിഞ്ഞ ദിവസം ഗഡ്കരിയെ അറിയിച്ചിരുന്നു. 6 വരി പ്രധാനപാതയിൽ റോഡ് കടക്കുന്നത് തടയാൻ ഇരുമ്പ് വേലികൾ സ്ഥാപിച്ചിരുന്നെങ്കിലും പലയിടങ്ങളിലും ഇത് തകർന്ന നിലയിലാണ്. ഇതിലൂടെ കാൽനടയാത്രക്കാർ റോഡ് കടക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
വഴി തുറന്ന് സാറ്റലൈറ്റ് ടൗൺ റിങ് റോഡ്
ബെംഗളൂരുവിനെ 12 സമീപനഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ടൗൺ റിങ് റോഡിന്റെ (എസ്ടിആർആർ) 80 കിലോമീറ്റർ ദൂരത്തിലെ ആദ്യ 2 ഇടനാഴികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. ദൊഡ്ഡബല്ലാപുര–ഹൊസ്കോട്ടെ (37.6 കിലോമീറ്റർ), ദൊബാസ്പേട്ട്–ദൊഡ്ഡബല്ലാപുര (42 കിലോമീറ്റർ) ദൂരം വരുന്ന ഇടനാഴികളുടെ ഉദ്ഘാടനമാണു നിർവഹിച്ചത്.
288 കിലോമീറ്റർ ദൂരം വരുന്ന റിങ് റോഡ് സർജാപുര, ആനേക്കൽ, തട്ടേക്കര, കനക്പുര, കനക്പുര, രാമനഗര, മാഗഡി, ഹൊസൂർ എന്നിവയെയാണ് ബന്ധിപ്പിച്ചാണു കടന്നുപോകുന്നത്. 6 ദേശീയപാതകളെയും 8 സംസ്ഥാന പാതകളെയും ബന്ധിപ്പിക്കുന്ന റോഡിന് 17,000 കോടി രൂപയാണു നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
നിർമാണത്തിന്റെ 60 ശതമാനം ദേശീയപാത അതോറിറ്റിയും 40 ശതമാനം കർണാടക സർക്കാരുമാണു വഹിക്കുന്നത്. ഹൊസ്കോട്ടെ–ദൊഡ്ഡബല്ലാപുര പാതയിൽ ഡിസംബറിൽ ടോൾ പിരിവ് ആരംഭിച്ചിരുന്നു.
2005ൽ റോഡിന്റെ നിർമാണത്തിനു പദ്ധതി തയാറാക്കിയിരുന്നെങ്കിലും സ്ഥലമേറ്റെടുപ്പ് നടപടികൾ വൈകി. 2022 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചത്.