ADVERTISEMENT

ബെംഗളൂരു ∙ കൊടും ചൂടിൽ വിയർത്തൊലിച്ചുള്ള 5 മാസത്തെ കാത്തിരിപ്പിനൊടുവിൽ ശേഷം നഗരത്തിൽ വ്യാപകമായി മഴ പെയ്തു. ചിലയിടങ്ങളിലെ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കേയാണ് മഴയെത്തിയത്. മജസ്റ്റിക്, കെആർ സർക്കിൾ, കെആർ മാർക്കറ്റ്, ടൗൺഹാൾ, റിച്ച്മണ്ട് സർക്കിൾ, എംജി റോഡ്, യശ്വന്ത്പുര, ജാലഹള്ളി ക്രോസ്, നാഗരഭാവി, വിജയനഗര, മല്ലേശ്വരം എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച രാത്രി മുതൽ ശക്തമായ മഴ ലഭിച്ചത്.അടുത്ത 2 ദിവസവും നഗരത്തിൽ മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്; മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു
ചൂടിൽ ആശ്വാസമായെങ്കിലും, അപ്രതീക്ഷിതമായെത്തിയ മഴയിൽ മരം വീണതും റോഡുകളിൽ വെള്ളംകെട്ടിയതും യാത്രികരെ വലച്ചു. കൊത്തന്നൂരിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. ബെസ്കോം പരിധിയിൽ 10 ഇലക്ട്രിക് പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്. ഹെസാർഘട്ടെയിൽ 4 പോസ്റ്റുകളും  ഫ്രേസർ ടൗണിൽ ഒരു പോസ്റ്റും നിലം പതിച്ചു. വൈദ്യുതി മുടങ്ങിയതുമായി ബന്ധപ്പെട്ട് 16,500 പരാതികൾ ലഭിച്ചതായി ബെസ്കോം അറിയിച്ചു. മരം വീണുള്ള 12 അപകടങ്ങളും റിപ്പോർട്ട് ചെയ്തു.

മഴയെ തുടർന്ന് റോഡിലുണ്ടായ വെള്ളക്കെട്ട്.
മഴയെ തുടർന്ന് റോഡിലുണ്ടായ വെള്ളക്കെട്ട്.

ഗുട്ടഹള്ളിയിൽ റോഡിൽ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. സദാശിവനഗർ, സാങ്കിറോഡ് എന്നിവിടങ്ങളിലെ റോഡും വെള്ളത്തിൽ മുങ്ങി. കെആർ പുരത്തെ നാഗവാരുമായി ബന്ധിപ്പിക്കുന്ന ഹൊറമാവു, രാമമൂർത്തിനഗർ അടിപ്പാതകൾ വെള്ളത്തിലായി. മഹാലക്ഷ്മിയിലെ റോഡിൽ മഴയെ തുടർന്ന് ഇരുചക്രവാഹനങ്ങൾ തെന്നിവീണതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

English Summary:

Bengaluru Breathes Easy: Welcome Rains Bring Respite from Blistering Heat, But at What Cost?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com