ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ: നിയമലംഘനം നടത്തുന്നവരുടെ പിഴ ഈടാക്കൽ ഫാസ്ടാഗ് വഴി
Mail This Article
ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) ഗതാഗത നിയമലംഘനം നടത്തുന്നവരുടെ പിഴ ടോൾ ബൂത്തുകളിലെ ഫാസ്ടാഗ് വഴി ഈടാക്കാനുള്ള നടപടി ഊർജിതമാക്കുന്നു. വാഹനം ടോൾ ബൂത്തിലെത്തുമ്പോൾ പിഴത്തുക ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ഈടാക്കുന്നതോടെ നിയമലംഘനം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റോഡ് സുരക്ഷയുടെ ചുമതലയുള്ള എഡിജിപി അലോക് കുമാർ പറഞ്ഞു.
നിലവിൽ നിയമം ലംഘിക്കുന്നവരുടെ മൊബൈൽ ഫോണിലേക്ക് പിഴ സംബന്ധിച്ച സന്ദേശം അയയ്ക്കുകയാണ് ചെയ്യുന്നത്. നേരിട്ടോ ഓൺലൈനായോ പിഴ നൽകാം. നിയമലംഘനം കണ്ടെത്താൻ 60 ഇടങ്ങളിൽ നിർമിത ബുദ്ധി ക്യാമറകൾ സ്ഥാപിച്ചതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ 74,915 നിയമ ലംഘനങ്ങളാണ് റജിസ്റ്റർ ചെയ്തത്.
അമിത വേഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ലെയ്ൻ തെറ്റിക്കൽ എന്നിവയ്ക്കാണു കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തത്. 118 കിലോമീറ്റർ ദൂരം വരുന്ന എക്സ്പ്രസ് വേയിൽ ബെംഗളൂരു നഗര അതിർത്തിയായ ബിഡദിയിലും മണ്ഡ്യ ശ്രീരംഗപട്ടണയിലുമാണ് ടോൾ ബൂത്തുകൾ പ്രവർത്തിക്കുന്നത്.