കളർഫുൾ ആകേണ്ട; നിറം ചേർക്കലിന് വിലക്കുള്ള വിഭവങ്ങളുടെ പട്ടികയിലേക്ക് പാനിപൂരിയും
Mail This Article
ബെംഗളൂരു∙ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാനിപൂരിയിൽ കൃത്രിമനിറങ്ങൾ ചേർക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ സംബന്ധിച്ച നിർദേശം നൽകിയതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി അറിയിച്ചു. ഹോട്ടലുകളും വഴിയോക്കടകളും ഉൾപ്പെടെ 260 ഭക്ഷണശാലകളിൽ നിന്നുള്ള സാംപിളുകളാണ് പരിശോധന നടത്തിയത്. 41 സാംപിളുകളിൽ കാൻസറിനു കാരണമാകുന്ന രാസപദാർഥങ്ങളുടെയും കൃത്രിമ നിറത്തിന്റെയും സാന്നിധ്യം കണ്ടെത്തി.
18 എണ്ണം ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തി. ബ്രില്യന്റ് ബ്ലൂ, സൺസെറ്റ് യെല്ലോ, ടാർട്രസൈൻ എന്നിവയാണ് പാനിപൂരിയിൽ വ്യാപകമായി ചേർക്കുന്നത്. വിഭവങ്ങൾക്കു കാഴ്ചയിൽ കൂടുതൽ ആകർഷകത്വം നൽകുന്നതിനായി ഉപയോഗിക്കുന്ന ഇവ കാൻസറിനു പുറമേ ഉദരസംബന്ധമായ രോഗങ്ങൾക്കും ഹൃദയാഘാതത്തിനും വൃക്കകളുടെ തകരാറിനും കാരണമാകുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം കബാബിൽ കൃത്രിമനിറം ചേർക്കുന്നതിനു ആരോഗ്യവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിയമം ലംഘിച്ചാൽ 7 വർഷത്തെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നേരത്തേ പഞ്ഞിമിഠായിയിലും ഗോബി മഞ്ജൂരിയനിലും കൃത്രിമനിറങ്ങൾ ചേർക്കുന്നതും വിലക്കിയിരുന്നു. ലിക്വിഡ് നൈട്രജൻ (ഡ്രൈ ഐസ്) ചേർത്ത ഭക്ഷണ വിഭവങ്ങൾ കുട്ടികൾക്കു നൽകുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.