ADVERTISEMENT

ബെംഗളൂരു∙ മഴ തുടരുമ്പോഴും നഗരത്തിൽ ഭൂഗർഭജലവിതാനം താഴ്ന്നു തന്നെ തുടരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മേയ്, ജൂൺ മാസങ്ങളിലായി ജലവിതാനം 4 അടി വരെ വീണ്ടും താഴ്ന്നു. ഏപ്രിലിൽ 7000 കുഴൽക്കിണറുകൾ വറ്റി വരണ്ടതോടെ കടുത്ത ജലക്ഷാമമാണു നഗരം നേരിട്ടത്. എന്നാൽ പിന്നീട് മഴ ലഭിച്ചെങ്കിലും ഭൂഗർഭ ജലവിതാനം മെച്ചപ്പെടുത്താനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തേ നഗരത്തിൽ ശരാശരി 40 അടി താഴ്ചയിൽ ഭൂഗർഭജലം ലഭിച്ചിരുന്നു. എന്നാൽ പുതിയ കണക്കുകൾ പ്രകാരം ഹൊസ്കോട്ടെ ഉൾപ്പെടെയുള്ള മേഖലകളിൽ ഇത് 80 അടി വരെയായി. മഴവെള്ളക്കൊയ്ത്തിനായി ബിബിഎംപി സ്വീകരിച്ച നടപടികൾ ഫലം കാണുന്നില്ലെന്നും ഇതു സൂചിപ്പിക്കുന്നു. 

അനധികൃത കുഴൽക്കിണർ നിർമാണം; നടപടി വേണം
അനധികൃതമായി കുഴൽക്കിണറുകൾ കുഴിക്കുന്നതു തടയാനും നിലവിലുള്ളവ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കാനും കർശന നടപടി സ്വീകരിച്ചാൽ മാത്രമേ പ്രശ്നത്തിനു പരിഹാരം കാണാനാകൂവെന്ന് നഗരവാസികൾ ചൂണ്ടിക്കാട്ടുന്നു. നഗരത്തിൽ അനുമതിയില്ലാതെ നിർമിച്ച 5 ലക്ഷത്തോളം കുഴൽക്കിണറുകളുണ്ടെന്നാണ് കണക്ക്.

കാവേരി ജലം പകുതിയിൽ താഴെ നഗരവാസികൾക്കു മാത്രമാണ് ലഭിക്കുന്നത്. ശേഷിക്കുന്നവർ കുഴൽക്കിണറുകളെയാണ് ആശ്രയിക്കുന്നത്. ഇതു മുതലെടുത്ത് സ്വകാര്യ ടാങ്കറുകൾ വ്യാപകമായി പ്രവർത്തിക്കുന്നു. അനധികൃതമായി നിർമിക്കുന്ന കുഴൽക്കിണറുകൾ അമിതമായി ചൂഷണം ചെയ്താണ് ഇവർ വെള്ളം വിൽക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജലസേചന വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. വൈറ്റ്ഫീൽഡിൽ ഉൾപ്പെടെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ സംഘർഷത്തിനും ഇതു കാരണമായിരുന്നു.

ശമനമില്ലാത്ത മഴ 
ബെംഗളൂരു∙ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തരകന്നഡ തീരദേശ ജില്ലകളിൽ കനത്ത മഴ തുടരുന്നതോടെ ജനജീവിതം ദുരിതത്തിലായി. സ്കൂളുകൾക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു നഗരത്തിൽ ഇന്നലെ പരക്കെ മഴ ലഭിച്ചു. വിമാനത്താവള പാതയിൽ പലയിടങ്ങളിലും വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഹെബ്ബാൾ, യെലഹങ്ക മേൽപാലങ്ങളിലും വെള്ളം കയറി. 

അണക്കെട്ടുകൾ തുറന്നു
ജലനിരപ്പ് ഉയർന്നതോടെ മണ്ഡ്യ കെആർഎസ്, മൈസൂരു എച്ച്.ഡി കോട്ട  കബനി അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. കെആർഎസിലെ ജലനിരപ്പ് 102 അടിയായി ഉയർന്നതോടെ വിശേശ്വരയ്യ കനാലിലേക്കാണു ജലം തുറന്നുവിടുന്നത്. 

2225 ഗ്രാമങ്ങൾ മുങ്ങി
കനത്ത മഴയിൽ സംസ്ഥാനത്ത് 2225 ഗ്രാമങ്ങളിൽ വെള്ളം കയറിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രളയ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കലക്ടർമാർക്കും ജില്ലാ പഞ്ചായത്ത് സിഇഒമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകളെ നിയോഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com