ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് സ്പെഷൽ എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു നിരക്ക്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സർവീസിന്റെ ബുക്കിങ് ആരംഭിച്ചിട്ടില്ല. 8 കോച്ചുകളുള്ള ട്രെയിനിൽ ഒരു കോച്ച് എക്സിക്യൂട്ടീവ് ചെയർകാറും 7 എണ്ണം ചെയർകാറുമാണ്.

ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് (06002) വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30നു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20നു എറണാകുളത്തെത്തും. എറണാകുളം–ബെംഗളൂരു കന്റോൺമെന്റ് വന്ദേഭാരത് (06001) ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10നു ബെംഗളൂരുവിലെത്തും. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെ ഇരുവശങ്ങളിലേക്കുമായി 24 ട്രിപ്പുകളാണ് വന്ദേഭാരത് ഓടുക. 

620 കിലോമീറ്റർ പിന്നിടാൻ 9 മണിക്കൂർ 10 മിനിറ്റ്
ബെംഗളൂരുവിൽ നിന്ന് എറണാകുളം ജംക്‌ഷൻ വരെ 620 കിലോമീറ്റർ ദൂരം വന്ദേഭാരത് 9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. ബംഗാർപേട്ട് വഴിയാണ് സർവീസെങ്കിലും ബെംഗളൂരു കഴിഞ്ഞാൽ അടുത്ത സ്റ്റോപ് സേലത്താണ്. ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഇതേ റൂട്ടിൽ പകൽ സർവീസ് നടത്തുന്ന കെഎസ്ആർ ബെംഗളൂരു–എറണാകുളം ജംക്‌ഷൻ ഇന്റർസിറ്റി എക്സ്പ്രസ് (12677/12678) 10 മണിക്കൂർ 33 മിനിറ്റ് കൊണ്ടാണ് 587 കിലോമീറ്റർ ദൂരം പിന്നിടുന്നത്. ഹൊസൂർ വഴി സർവീസ് നടത്തുന്ന ഇന്റർസിറ്റിക്ക് 14 ഇടത്താണ് സ്റ്റോപ്പുള്ളത്. 

എക്സ്പ്രസ് വേയിൽ മത്സര ഓട്ടം തകൃതി
നിർമിത ബുദ്ധി (എഐ ക്യാമറ) സ്ഥാപിച്ചിട്ടും ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ വാഹനങ്ങളുടെ അമിത വേഗത്തിന് കുറവില്ല. 130 കിലോമീറ്ററിനു മുകളിൽ വാഹനം ഓടിച്ചതിന് ഒറ്റ ദിവസം 155 പേരാണ് എഐ ക്യാമറയിൽ കുടുങ്ങിയത്. ഭൂരിഭാഗവും കാർ യാത്രക്കാരാണ്. നിലവിൽ എക്സ്പ്രസ് വേയിലെ പ്രധാന പാതയിൽ 80–100 കിലോമീറ്ററാണു പരമാവധി വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്.

English Summary:

Ticket Booking Open for Bengaluru Cantonment-Eranakulam Vande Bharat Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com